സഹ അദ്ധ്യാപകർക്ക് പ്രഥമ അദ്ധ്യാപകന്റെ ചിത്രവിസ്മയം

Sunday 19 October 2025 12:38 AM IST

ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് സ്റ്റാഫ് സെക്രട്ടറി സി. ജെസി ജോസഫിന് വരച്ച ചിത്രം നൽകുന്നു

തൊടുപുഴ: അന്താരാഷ്ട്ര അദ്ധ്യാപക ദിനത്തിൽ സഹപ്രവർത്തകർക്ക് പ്രഥമാദ്ധ്യാപകന്റെ കിടിലം സർപ്രൈസ്. കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജാണ് അദ്ധ്യാപകരുടെ ചിത്രം വരച്ച് സമ്മാനമായി നൽകിയത്. 19 അദ്ധ്യാപകരുടെയും ഒരു ജീവനക്കാരിയുടെയും ഉൾപ്പെടെ 20 ചിത്രങ്ങൾ വരച്ചുനൽകി. പ്രഥമാദ്ധ്യാപകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങൾ ആയതിനാൽ എല്ലാവരും ഹാപ്പി.

ഒന്നര മാസത്തോളം സമയമെടുത്താണ് വര പൂർത്തിയാക്കിയത്. ദേശീയ അദ്ധ്യാപക ദിനമായ സെപ്തംബർ 5ന് സമ്മാനം നൽകാനായിരുന്നു ഉദ്ദേശ്യം. ആഗസ്റ്റ് പകുതിയോടെ വര തുടങ്ങിയെങ്കിലും ഉദ്ദേശിച്ച സമയത്ത് പൂർത്തിയാക്കാനായില്ല. തുടർന്ന് കഴിഞ്ഞ അഞ്ചിന് നൽകി. രാത്രിയിലും അവധി ദിവസങ്ങളിലുമായാണ് ചിത്രം വരച്ചത്. കളർ പെൻസിൽ ഉപയോഗിച്ചായിരുന്നു വര. എട്ട് മണിക്കൂറോളമെടുത്താണ് ഓരോ ചിത്രവും പൂർത്തിയാക്കിയത്. 2009ലാണ് ലിന്റോ ജോലിയിൽ പ്രവേശിച്ചത്.

വര പഠിച്ചിട്ടില്ല ഉടുമ്പന്നൂർ ചോറ്റക്കര വീട്ടിൽ ജോർജ്- ഫിലോമിന ദമ്പതികളുടെ മകനായ ലിന്റോ, പ്രൊഫഷണൽ ചിത്രകലാകാരനല്ല. സ്‌കൂൾ കാലഘട്ടത്തിൽ ചിത്രങ്ങൾ വരച്ചിരുന്നു. പിന്നീട് കൊവിഡ് സമയത്ത് വര പരീക്ഷിച്ചു. പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ വരച്ച് സമ്മാനമായി നൽകാറുണ്ട്. അമ്പതോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പള്ളിയിലെ കപ്യാരായിരുന്ന പിതാവ് ജോർജിനും വരയോട് കമ്പമുണ്ടായിരുന്നു. മൂന്നോളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. സ്‌കൂൾ അദ്ധ്യാപികയായ സോണിയ ആണ് ഭാര്യ. വിദ്യാർത്ഥികളായ ജുവാന, ഇവാന, ഇമ്മാനുവേൽ എന്നിവർ മക്കളാണ്.

 ചിത്രരചന പഠിച്ചിട്ടില്ല. കല എനിക്ക് എല്ലാമാണ്. ഒഴിവ് സമയങ്ങളിൽ മറ്റ് വിനോദങ്ങളെല്ലാം മാറ്റി ചിത്രരചനയ്ക്കായി സമയം ചെലവഴിക്കും.

- ലിന്റോ ജോർജ്