കെ.എസ്.ഇ.ബി അസി.എൻജിനിയർ , പ്രൊമോഷൻ സ്പീഡിൽ ഒഴിവുകൾ പൂഴ്‌ത്തുന്നു
തിരുവനന്തപുരം: നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ റാങ്ക് ലിസ്റ്റിൽ നിന്നു കെ.എസ്.ഇ.ബി നിയമനം നൽകുന്നില്ലെന്ന് പരാതി. നേരിട്ടുള്ള നിയമനത്തിലെ 40 % ഒഴിവുകൾ നികത്താതെ ഇതേ തസ്തികയിൽ സ്ഥാനക്കയറ്റം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.
കെ.എസ്.ഇ.ബിയിൽ നിന്ന് സെപ്തംബറിൽ ലഭിച്ച വിവരാവകാശ മറുപടി അനുസരിച്ച് നേരിട്ടുള്ള ക്വാട്ടയിൽ 170 ഒഴിവുകളുണ്ട്. എന്നാൽ,പുനഃസംഘടന നടക്കുന്നതിനാൽ അത് പൂർത്തിയാകുന്ന നിലയ്ക്കേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാകൂവെന്നാണ് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞത്. ഇതേ തസ്തികയിൽ പ്രൊമോഷൻ ക്വാട്ടയിലുള്ള 93 ഒഴിവുകൾ നികത്താൻ നടപടി പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഒരേ തസ്‌തികയിലെ നേരിട്ടുള്ള നിയമനത്തിന് പുനഃസംഘടന തടസമാണെന്ന് പറയുമ്പോഴും പ്രൊമോഷന് ഇക്കാര്യം ബാധകമാകാത്തത് എങ്ങനെയാണെന്നാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്.
2024 ഫെബ്രുവരി 12ന് വന്ന റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്‌റ്റിൽ 364ഉം സപ്ലിമെന്ററി ലിസ്റ്റിൽ 341ഉം ഉൾപ്പെടെ 705 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ജനുവരി 4നു ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാർച്ചിൽ അസിസ്റ്റന്റ് എൻജിനിയർമാരുടെ 76 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 6 മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. കൃത്യമായ ഇടവേളകളിൽ പ്രൊമോഷൻ നടക്കുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവ് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യുന്നില്ല. പ്രായപരിധി അവസാനിക്കാറായ ഒട്ടേറെ ഉദ്യോഗാർത്ഥികളാണ് ഈ റാങ്ക് ലിസ്റ്റിലുള്ളത്.