പാമ്പു വിഷബാധ രോഗമായി പ്രഖ്യാപിച്ച് വിജ്ഞാപനം
കൊച്ചി: പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖൊബ്രഗഡെയുടെ നടപടി. 'പാമ്പുകടി വിഷബാധ" എന്നത് സംസ്ഥാനമൊട്ടാകെ പൊതുജനാരോഗ്യ രോഗമായി പ്രഖ്യാപിച്ചാണ് കഴിഞ്ഞ 10ലെ ഗസറ്റ് വിജ്ഞാപനം. വിഷപ്പാമ്പു കടിച്ചാൽ സമയബന്ധിത ചികിത്സ നൽകിയില്ലെങ്കിൽ മരണമോ വൈകല്യമോ ഉണ്ടാകാം.അതിനാൽ കേരള പൊതുജനാരോഗ്യ നിയമം (2023)അനുസരിച്ച് സർക്കാരിന് വിവരങ്ങൾ ശേഖരിക്കേണ്ടതോ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതോയായ രോഗമായി ഇതിനെ പ്രഖ്യാപിച്ചത്. പാമ്പുവിഷമേറ്റ് സർക്കാർ,സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ വിവരങ്ങളും ചികിത്സാ പുരോഗതിയും ആരോഗ്യവകുപ്പിന് ഏകോപിപ്പിക്കാനുമാകും.സുൽത്താൻ ബത്തേരി സ്‌കൂളിലെ വിദ്യാർത്ഥിനി 2019ൽ ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിംഗ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.