വിധിയിൽ തൃപ്തനാണ്
നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ തൃപ്തനാണ്. ജീവപര്യന്തമെന്നാൽ ജീവിതാവസാനം വരെയെന്നാണ്. എത്രവർഷമാണ് ജയിൽ ജീവിതമെന്നത് സർക്കാരാണ് തീരുമാനിക്കേണ്ട്. പരോൾ കൊടുക്കരുതെന്ന് പറയാൻ ഈ കോടതിക്ക് അധികാരമില്ല. എന്നാൽ അത്തരമൊരു സാഹചര്യമുണ്ടാവുമ്പോൾ സർക്കാർ ഉചിത തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. ചെന്താമരയുടെ സഹോദരനും ഭാര്യയും ഉൾപ്പെടെ കൂറുമാറിയില്ല എന്നത് വലിയ ആശ്വാസമാണ്. -എം.വിജയകുമാർ, പ്രോസിക്യൂട്ടർ
പോറ്റിയുടെ ഭീഷണി ഉന്നതർക്കെതിരെ തന്നെ കുടുക്കാൻ ശ്രമിച്ചാൽ മറ്റുപലരും കുടുങ്ങുമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭീഷണി ഭരണത്തിലെ ഉന്നതരെ ലക്ഷ്യം വച്ച്. ശബരിമല സ്വർണക്കവർച്ച കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ പിണറായി ഭരണത്തിൽ വീണ്ടും ആചാരലംഘനമാണ് നടന്നിരിക്കുന്നത്. ദ്വാരപാലക പാളി പുറത്തുകൊണ്ടുപോയി പ്രദർശന വസ്തുവാക്കിയതോടെ ക്ഷേത്രശുദ്ധിയാണ് കൈമോശം വന്നത്. മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസിൽ വിശ്വാസമില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. -വി. മുരളീധരൻ, മുൻ കേന്ദ്രമന്ത്രി
അറസ്റ്റ് വൈകിച്ചത് വമ്പൻസ്രാവുകളെ രക്ഷിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻസ്രാവുകളെ രക്ഷിക്കാൻ. മുൻ ദേവസ്വം കമ്മിഷണറെയും മുൻ ദേവസ്വം പ്രസിഡന്റിനെയും സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. എ. പദ്മകുമാർ അറിഞ്ഞാണ് ഇതെല്ലാം നടന്നത്. എൻ. വാസു എല്ലാത്തിനും ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്മാർക്കറിയാം. സി.പി.എമ്മിന്റെ ഉന്നതനേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. -കെ. സുരേന്ദ്രൻ,ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ