സപ്ലൈകോയിൽ സ്ത്രീകൾക്ക് 10% സ്പെഷ്യൽ ഡിസ്കൗണ്ട്

Sunday 19 October 2025 12:45 AM IST

കൊച്ചി: സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ, എല്ലാ കിഴിവുകൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭിക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും പ്രിവിലേജ് കാർഡുകൾ വഴി കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഒരു വർഷമായി നടന്നുവന്ന സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവംബർ ഒന്നുമുതൽ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ പ്രതിമാസം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിക്കും.

ജി.എസ്.ടി പുനഃക്രമീകരണം വഴിയുള്ള വിലക്കുറവിന്റെ ആനുകൂല്യം പൂർണതോതിൽ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പനശാലകളിലും വിപണനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ വി.എം.ജയകൃഷ്ണൻ സപ്ലൈകോയുടെ ഭാവി പരിപാടികൾ അടങ്ങിയ 'വിഷൻ 30" അവതരിപ്പിച്ചു. മുൻ മാനേജിംഗ് ഡയറക്ടർമാരായ ജിജി തോംസൺ, എം.എസ്. ജയ, പി.എം.അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്‌ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാരെയും മുൻ ജനറൽ മാനേജർമാരെയും ആദരിച്ചു.

 പുതിയ പദ്ധതികൾ

1. റേഷൻകാർഡിന് സബ്സിഡി നിരക്കിൽ 20 കിലോ പുഴുക്കലരി. നിലവിൽ 10 കിലോയാണ്.

2. 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായും 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളായും നവീകരിക്കും.

3. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും.

4. ഡിസംബറിൽ തലശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ സിഗ്‌നേച്ചർ മാർട്ടുകളാക്കും.