രാഷ്ട്രപതിയുടെ സന്ദർശനം: പുതുമോടിയിൽ പ്രസിഡൻഷ്യൽ സ്യൂട്ട്
തിരുവനന്തപുരം: കേരളത്തിൽ ത്രിദിന സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമ്മു താമസിക്കുന്നത് രാജ്ഭവനിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും. അനന്തപുരി സ്യൂട്ട് എന്നും ഇതിന് പേരുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ രാജ്ഭവൻ വളപ്പിൽ തന്നെയുള്ളതാണിത്. രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് സ്യൂട്ട് അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്. വി.വി.ഐ.പികൾക്ക് താമസിക്കാൻ ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിലെത്തിയപ്പോൾ ഒരുദിവസം ഇവിടെ തങ്ങിയിരുന്നു. 21ന് വൈകിട്ട് ആറരയ്ക്ക് രാഷ്ട്രപതി രാജ്ഭവനിലെത്തുക. 23നാണ് മടങ്ങുക.