നാല് ജില്ലകളിൽ ഉന്നത വിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും

Sunday 19 October 2025 12:49 AM IST

കോട്ടയം:വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031 ഓടെ കൊച്ചി,തിരുവനന്തപുരം,കോഴിക്കോട്,തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ പ്രാരംഭ സമ്മേളനത്തിൽ സമീപന രേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.ആഗോള വാണിജ്യം,മാരിടൈം സ്റ്റഡീസ്,ഫിൻടെക്,ആഗോള വ്യാപാരം,തുറമുഖ മാനേജ്‌മെന്റ്,ബിസിനസ് അനലിറ്റിക്സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാണ് കൊച്ചിയിൽ വിഭാവനം ചെയ്യുന്നത്.തിരുവനന്തപുരം കേന്ദ്രമായി ശാസ്ത്രം,സാങ്കേതികവിദ്യ,ബഹിരാകാശ ശാസ്ത്രം,സൈബർ സുരക്ഷ,ബയോമെഡിക്കൽ എൻജിനിയറിംഗ്,പൊതുനയം,അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയുടെയും കോഴിക്കോട്ട് ലിബറൽ ആർട്സ്,ഡിജിറ്റൽ ഹ്യൂമാനിറ്റീസ്,ഹോസ്പിറ്റാലിറ്റി,വ്യോമയാനം,കാലാവസ്ഥതീരദേശ പഠനങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവയുടെയും തൃശൂരിൽ പെർഫോമിംഗ് ആർട്സ്, ആയുർവേദം,കാർഷിക സാങ്കേതിക ശാസ്ത്രങ്ങൾ,സഹകരണ ബാങ്കിംഗ്,ഇവന്റ് മാനേജ്‌മെന്റ്,ആരോഗ്യം,സെമി കണ്ടക്ടർ ടെക്‌നോളജി എന്നിവയുടെയും ഹബ്ബുകളാണ് സമീപന രേഖയിൽ പറയുന്നത്.മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.