അടുക്കള നവീകരിക്കാൻ 75,000 രൂപ സൗജന്യം, ഈസി കിച്ചണുമായി സർക്കാർ

Sunday 19 October 2025 12:53 AM IST

 വാർഷിക വരുമാനപരിധി 2 ലക്ഷം

ആലപ്പുഴ: അടുക്കള പൊട്ടിപ്പൊളിഞ്ഞതാണോ, വേണ്ടത്ര സൗകര്യങ്ങളില്ലേ... പുതുക്കാൻ സർക്കാർ 75,000 രൂപ തരും. തിരിച്ചടയ്ക്കേണ്ട. 'ഈസി കിച്ചൺ 'പദ്ധതി തദ്ദേശ വകുപ്പാണ് നടപ്പാക്കുന്നത്.

പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനുകളും പണം വകയിരുത്താൻ തദ്ദേശ വകുപ്പ് നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പങ്കാളിത്തമാണ്. ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം.

വാർഷികവരുമാനം പൊതുവിഭാഗത്തിൽ രണ്ടു ലക്ഷം രൂപയിലും പട്ടികജാതി വിഭാഗത്തിൽ മൂന്നു ലക്ഷം രൂപയിലും കൂടാത്തവരാണ് അർഹർ. പട്ടികവർഗ വിഭാഗത്തിന് വരുമാനപരിധിയില്ല. ലൈഫ് ഉൾപ്പെടെ ഭവനനിർമ്മാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായമില്ല. മെച്ചപ്പെട്ട അടുക്കളയുള്ളവർക്ക് അത് മോടിപിടിപ്പിക്കാനും കിട്ടില്ല. അടുക്കളയ്ക്കുള്ള പണം വകമാറ്റാനുമാകില്ല.

ടൈൽ, സിങ്ക്,

വാട്ടർ ടാങ്ക്

 പരമാവധി 24 x 2.4 മീറ്ററിലുള്ള മീഡിയം സൈസ് കിച്ചൺ നവീകരിക്കുന്നതാണ് പദ്ധതി. ബലക്ഷയമുള്ളതോ, പൊട്ടിപ്പൊളിഞ്ഞതോ ആയ തറ പൊളിച്ച് സിറാമിക് ടൈലിടാം

 ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചൺ സ്ലാബ് സജ്ജീകരിക്കൽ, എം.ഡി.എഫ് ഉപയോഗിച്ച് കിച്ചൺ കബോർഡ് നിർമ്മാണം, പ്ലാസ്റ്ററിംഗ്, അടുപ്പ് നിർമ്മാണം,സിങ്ക് സ്ഥാപിക്കൽ

 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലംബിംഗ്, പെയിന്റിംഗ്, സോക്ക് പിറ്റ് നിർമ്മാണം. ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് 6000 രൂപ ഉപയോഗിക്കാം

ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഫണ്ട് നീക്കിവയ്ക്കുന്നതോടെ ആരംഭിക്കാനാകും

- ജോയിന്റ് ഡയറക്ടർ,

ദ്ദേശ വകുപ്പ്