കെ.പി.സി.സി പുനഃസംഘടന , ഒതുക്കിയതിൽ അതൃപ്തി കടുത്തു

Sunday 19 October 2025 12:57 AM IST

 പിണങ്ങിയും ഇണങ്ങിയും മുരളീധരൻ

തിരുവനന്തപുരം: ജംബോ പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അമർഷവും അതൃപ്തിയും പടരുന്നത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ കുഴക്കി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇതുയർത്തുന്ന തീയും പുകയും ആളിക്കത്താതെ നോക്കാനുള്ള പെടാപ്പാടിലാണ് ആവർ.

കെ.പി.സി.സി സെക്രട്ടറി,​ ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയിൽ എല്ലാം ശരിയാക്കാമെന്ന ഉറപ്പും പാഴാവുന്ന സ്ഥിതിയാണ്. ഈഴവ,​ പട്ടികവിഭാഗങ്ങളെ തഴഞ്ഞതിലും വെട്ടിനിരത്തിയതിലും അമർഷം ശക്തമാണ്. ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയും രംഗത്തെത്തി.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ പ്രചാരണ ജാഥകളുടെ പന്തളത്തെ സമാപനസമ്മേളനം അലങ്കോലമാവുമെന്ന പ്രചരണങ്ങൾ നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. കാസർകോട് നിന്നാരംഭിച്ച ജാഥയുടെ ക്യാപ്ടനായ കെ.മുരളീധരൻ വെള്ളിയാഴ്ച വൈകിട്ട് ജാഥ ചെങ്ങന്നൂരിലെത്തിയ ശേഷം മിണ്ടാതെ ഗുരുവായൂരിലേക്ക് പോയി. തുലാം ഒന്നായ ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യമെങ്കിലും, കെ.പി.സി.സി പുനഃസംഘടനയിൽ അമർഷമുള്ള അദ്ദേഹം പന്തളത്തെ സമാപനസമ്മേളനം ബഹിഷ്കരിച്ചതാണെന്ന പ്രചാരണം ശക്തമായി. മുരളീധരന്റെ മൗനവും അതിന് ആക്കംകൂട്ടിയതോടെ, നേതൃത്വം നെട്ടോട്ടത്തിലായി. കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, എ.പി. അനിൽ‌കുമാർ എന്നിവരും, കൊടിക്കുന്നിൽ സുരേഷും അദ്ദേഹത്തെ മൊബൈൽ ഫോണിൽ നിരന്തരം ബന്ധപ്പെട്ട് അനുനയത്തിന് ശ്രമിച്ചു. ഒടുവിൽ, ഇന്നലെ ഉച്ചയോടെയാണ് സമാപന സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് മുരളി സമ്മതിച്ചത്.

മുരളിക്ക് ഉറപ്പ്

കിട്ടിയെന്ന്

പിതാവ് കെ.കരുണാകരന്റെയും ഇപ്പോൾ തന്റെയും ഉറ്റ അനുയായിയായ മര്യാപുരം ശ്രീകുമാറിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത് കെ.മുരളീധരനെ അസ്വസ്ഥനാക്കി. താൻ നിർദ്ദേശിച്ച ഏക നോമിനിയും പാർട്ടി ന്യൂനപക്ഷ സെൽ ചെയർമാനുമായ കെ.പി.ഹാരിസിനെ ജനറൽ സെക്രട്ടറിയാക്കാത്തതും മുരളിയെ ചൊടിപ്പിച്ചു. മര്യാപുരം ശ്രീകുമാറിനെ കെ.പി.സി.സി നിർവാഹക സമിതിയംഗവും ഹാരിസിനെ സെക്രട്ടറിയുമാക്കാമെന്ന നേതൃത്വത്തിന്റെ ഉറപ്പിലാണ് മുരളി മയപ്പെട്ടതെന്നറിയുന്നു.

ആർക്കും കൊട്ടാവുന്ന

ചെണ്ടയല്ലെന്ന് സഭ

ചാണ്ടി ഉമ്മനും അബിൻ വർക്കിയും ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നാണ് കോട്ടയം ദേവലോകം അരമനയിൽ നടന്ന പരിപാടിയിൽ സഭ യുവജന വിഭാഗം അദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ ഗീവർഗീസ് മാർ യൂലിയോസ് നൽകിയ മുന്നറിയിപ്പ്. ചാണ്ടി ഉമ്മനും പങ്കെടുത്തു. കെ.പി.സി.സി പുനഃസംഘടനയിൽ താൻ ഇത്രയും സംതൃപ്തനായ സന്ദർഭം ഇതിന്

മുമ്പ് ഉണ്ടായിട്ടില്ലെന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും, 'ഉത്തരമില്ലെന്ന

ഉത്തരം കിട്ടിയില്ലേ' എന്ന പി.ജെ.കുര്യന്റെയും പ്രതികരണങ്ങൾ പരിഹാസ ധ്വനിയുള്ളതായി. പുനഃസംഘടനയെപ്പറ്റി ചോദിച്ച് മാദ്ധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊട്ടിത്തെറിച്ചു.