ഡൽഹിയിൽ എം.പിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
രണ്ട് ഫ്ലാറ്റുകൾ പൂർണമായി കത്തിനശിച്ചു
രണ്ട് കാറുകളും ഒരു സ്‌കൂട്ടറും കത്തി
ന്യൂഡൽഹി: ഡൽഹിയിൽ എം.പിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. രാജ്യസഭാ എം.പിമാർ താമസിക്കുന്ന ബി.ഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്‌മെന്റിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ 11 യൂണിറ്റുകളെത്തി തീയണച്ചു. ആളപായമില്ല. താഴത്തെ നിലയിലെ രണ്ട് ഫ്ലാറ്റുകൾ പൂർണമായി കത്തിനശിച്ചു. കെട്ടിടത്തിനുസമീപം നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളും സ്‌കൂട്ടറും കത്തിനശിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. കുട്ടികൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീ പടർന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു. മലയാളി എം.പിമാരായ ജെബി മേത്തർ, ഹാരിസ് ബീരാൻ, ജോസ് കെ. മാണി, പി.പി. സുനീർ എന്നിവർ ഈ അപ്പാർട്ട്‌മെന്റിലാണ് താമസം. ഇവരുടെ ജോലിക്കാരുടെ ക്വാർട്ടേഴ്‌സുകൾ കത്തിയ ബ്ലോക്കിലാണ്. ജെബി മേത്തർ എം.പിയുടെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളാണ് പൂർണമായി കത്തിയത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമല്ലാത്തതിനാൽ എം.പിമാർ ഇവിടെയുണ്ടായിരുന്നില്ല.
ഫ്ലാറ്റിന്റെ ബേസ്‌മെന്റ് ഭാഗത്താണ് ആദ്യം തീ പിടിച്ചത്. ഇവിടെ കൂട്ടിയിട്ടിരുന്ന പഴയ ഫർണിച്ചറുകൾ കത്തി. രണ്ടാമത്തെ നിലയിലേക്ക് തീ പടർന്നു. ഉടനെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇതിൽ ഒരു കാർ മുമ്പ് ഹൈബി ഈഡൻ എം.പിയുടെ സ്റ്റാഫായിരുന്ന മലയാളി വിദ്യാർത്ഥി ആൽബിൻ ഫിലിപ്പിന്റേതാണ്. അഗ്നിരക്ഷാസേന എത്താൻ അരമണിക്കൂർ വൈകിയതായി തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ആരോപിച്ചു. നേരത്തെ എത്തിയിരുന്നെങ്കിൽ മുകളിലെ ക്വാർട്ടേഴ്‌സുകളിലേക്ക് തീ പടരുന്നത് തടയാനാകുമായിരുന്നെന്ന് താമസക്കാരും പറഞ്ഞു.