സംവരണ ചിത്രം തെളിഞ്ഞു: സ്ഥാനാർത്ഥി നിർണയത്തിന് വേഗമേറും
മലപ്പുറം: ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ, നവംബർ പത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് വേഗം കൂട്ടി രാഷ്ട്രീയ പാർട്ടികൾ. സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ സ്ഥാനാർത്ഥിത്വം മോഹിച്ച പലരും നിരാശയിലാണ്. മിക്ക വാർഡുകളിലും പാർട്ടികൾ കണ്ടുവച്ച സ്ഥാനാർത്ഥികളെ മാറ്റേണ്ട സ്ഥിതിയാണ്. പ്രധാന നേതാക്കളെ ജനറൽ വാർഡുകളിലേക്ക് മാറ്റി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം പാർട്ടികൾക്ക് കൈവന്നിട്ടുണ്ട്. സീറ്റുകൾ പരസ്പരം വച്ചുമാറുന്നതിന് മുന്നണിയിൽ സമവായമുണ്ടാക്കുക പ്രധാന കടമ്പയാണ്.
മൂന്ന് തവണ അംഗങ്ങളായവർക്ക് സീറ്റ് നൽകേണ്ടെന്ന വ്യവസ്ഥ ഈ തിരഞ്ഞെടുപ്പിലും തുടരാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. ഒരുകുടുംബത്തിൽ നിന്ന് ഒന്നിലേറെ പേർക്കും സീറ്റ് നൽകില്ല. കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥികളിൽ 70 ശതമാനം പേരും പുതുമുഖങ്ങളായിരുന്നു. ഇത്തവണയും പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. യുവാക്കൾക്ക് മുഖ്യപരിഗണന ലഭിക്കുമെന്ന ഉറപ്പും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിനും സീറ്റ് വിഭജനത്തിനുമുള്ള അധികാരം കൈമാറിയിട്ടുണ്ട്. ജയസാദ്ധ്യതയാവണം മുഖ്യപരിഗണനയെന്ന നിർദ്ദേശം മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയിട്ടുണ്ട്. പ്രാദേശികമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഇടങ്ങളിലേത് ജില്ലാതല പാർലമെന്റ് ബോർഡ് കമ്മിറ്റികൾക്ക് കൈമാറും. സീറ്റുകളുടെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ വ്യവസ്ഥ തുടരാനാണ് കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾക്കിടയിലെ ധാരണ.
വാർഡുകളിൽ കുടുംബ സംഗമങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരത്തെ തന്നെ കോൺഗ്രസ് തുടക്കമിട്ടിട്ടുണ്ട്. വാർഡ് കമ്മിറ്റികൾ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളെയാണ് മത്സിപ്പിക്കുക. ഒന്നിലധികം സ്ഥാനാർത്ഥികളുള്ള ഇടങ്ങളിലെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾക്ക് കൈമാറി സമയവായത്തിലൂടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കും. ചില തദ്ദേശ സ്ഥാപനങ്ങളിൽ മുസ്‌ലിം ലീഗുമായി നിലനിൽക്കുന്ന ഭിന്നതയാണ് കോൺഗ്രസിന് മുന്നിലെ തലവേദന. ഇവിടങ്ങളിൽ സാമ്പാർ മുന്നണികൾ ആവർത്തിക്കാനുള്ള സാദ്ധ്യതയും ഇരുപാർട്ടികളും മുന്നിൽകാണുന്നുണ്ട്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കി സോഷ്യൽ മീഡിയ പ്രചാരണം സജീവമാക്കിയിട്ടുണ്ട് സി.പി.എം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുമടക്കം ചർച്ചയാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന സദസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷ സ്ഥാനങ്ങളിലെ സംവരണ നറുക്കെടുപ്പ് കൂടി പൂർത്തിയായ ശേഷം അന്തിമ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
കോൺഗ്രസും ലീഗും തമ്മിൽ പ്രശ്നമുള്ള ഇടങ്ങളിൽ പ്രത്യേകം ശ്രദ്ധയേകും.
പരമാവധി വാർഡുകളിൽ കമ്മിറ്റി രൂപീകരണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയ ബി.ജെ.പി സ്‌ക്വാഡ് പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച വാർഡുകൾക്ക് പ്രത്യേകം ഊന്നൽ നൽകും. എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യവും പ്രതീക്ഷകൾക്ക് കരുത്തേകുന്നുണ്ട്.