ഡേറ്റ് ഒഫ് പെർത്ത്

Sunday 19 October 2025 12:40 AM IST

ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് പെർത്തിൽ

9 am മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും

പെർത്ത് : ഇന്ത്യൻ കുപ്പായത്തിൽ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും കളിക്കുന്ന അവസാന പരമ്പരയാകുമോ എന്ന ആരാധകരുടെ ആശങ്കയിൽ ശുഭ്മാൻ ഗിൽ ഏകദിനത്തിലും നായകനായി ഇന്ന് അരങ്ങേറുന്നു. മൂന്ന് ഏകദിനങ്ങളുടേയും അഞ്ച് ട്വന്റി-20കളുടേയും പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ന് പെർത്തിലാണ് തുടക്കമാകുന്നത്. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയശേഷം ആദ്യമായാണ് ഇന്ത്യ ഏകദിന ഫോർമാറ്റിൽ മത്സരിക്കാനിറങ്ങുന്നത്.

ചാമ്പ്യൻസ് ട്രോഫി നേടിത്തന്ന നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ ഏകദിനത്തിന്റെ ചുമതലകൂടി ഏൽപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത ക്യാപ്ടനെന്നത് പ്രായോഗികമല്ലെന്നാണ് തങ്ങളുടെ തീരുമാനത്തിന് സാധൂകരണമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ പറയുന്നത്. 2027 ലോകകപ്പ് മുൻനിറുത്തിയുള്ളതാണ് തങ്ങളുടെ തീരുമാനമെന്നും അഗാർക്കർ പറയുന്നു. ഇപ്പോൾ 38കാരനായ രോഹിതും 37കാരനായ വിരാടും രണ്ടുകൊല്ലം കഴിഞ്ഞ് നടക്കുന്ന ലോകകപ്പിന് ടീമിലുണ്ടാകുമോ എന്നത് സംശയമാണ്. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ചുകഴിഞ്ഞ ഇരുവരും ഒരു ഫോർമാറ്റിൽ മാത്രമായി ദീർഘകാലം തുടരുമോയെന്നതാണ് ആരാധകരും ഉറ്റുനോക്കുന്നത്.

രോഹിതും വിരാടും തന്നെയാണ് ഈ പരമ്പരയുടെ ശ്രദ്ധാകേന്ദ്രങ്ങളെങ്കിലും ഗിൽ,ശ്രേയസ് അയ്യർ,യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ തുടങ്ങിയവരും ബാറ്റർമാരായുണ്ട്. ധ്രുവ് ജുറേലാണ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെങ്കിലും രാഹുലിന് കീപ്പിംഗ് ഗ്ളൗസും അണിയേണ്ടിവരും. ആൾറൗണ്ടർമാരായ നിതീഷ് റെഡ്ഡി,വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർകൂടി ചേരുന്നതാണ് ബൗളിംഗ് നിര.

ഇരുഫോർമാറ്റുകളിലും മിച്ചൽ മാർഷാണ് കംഗാരുക്കളെ നയിക്കുന്നത്. പേസർ മിച്ചൽ സ്റ്റാർക്കിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ നവാഗതരായ മാത്യു റെൻഷാ, മാറ്റ് ഷോർട്ട് , മിച്ച് ഓവൻ എന്നിവർക്ക് അവസരം നൽകിയിട്ടുണ്ട്.അടുത്തിടെ ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്ന മിച്ചൽ സ്റ്റാർക്ക് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു. കഴിഞ്ഞമാസം നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ കളിച്ചിരുന്നില്ല. മാറ്റ് ഷോർട്ടും ഓവനും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സ്റ്റീവ് സ്മിത്ത്, ഗ്ളെൻ മാക്സ്‌വെൽ,മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഏകദിനത്തിൽ നിന്ന് വിരമിച്ചതിനാൽ 2027 ലോകകപ്പ് ലക്ഷ്യമിട്ട് യുവനിരയെ വാർത്തെടുക്കാനാണ് ഓസീസ് സെലക്ടർമാരും ശ്രമിക്കുന്നത്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ), വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ,ശ്രേയസ് അയ്യർ , യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് റെഡ്ഡി,വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.

ഓസ്ട്രേലിയ

മിച്ചൽ മാർച്ച് (ക്യാപ്ടൻ), സേവ്യർ ബാലെറ്റ്,അലക്സ് കാരേ, കൂപ്പർ കൊനോലി, ബെൻ ദ്വാർഷുയിസ്,നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ,ജോഷ് ഹേസൽ വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗിലിസ്,മിച്ചൽ ഓവൻ,മാറ്റ് റെൻഷാ,മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.

പരമ്പര ഷെഡ്യൂൾ

ഒന്നാം ഏകദിനം

ഇന്ന് പെർത്തിൽ

രണ്ടാം ഏകദിനം

ഒക്ടോ. 23, അഡ്‌ലെയ്ഡ്

മൂന്നാം ഏകദിനം

ഒക്ടോ.25, സിഡ്നി

ഈവർഷം മാർച്ച് നാലിന് ദുബായ്‌യിൽ നടന്ന ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിന് വിജയിച്ചിരുന്നു.

54 ഏകദിനങ്ങളിലാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ വച്ച് ഓസ്ട്രേലിയയെ നേരിട്ടത്. ഇതിൽ 14 എണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്.

മഴ സാദ്ധ്യത

പെർത്തിൽ മത്സരം മഴ തടസപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.

പെർത്ത് സ്റ്റോറി

പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ആദ്യമായാണ് ഒരു ഏകദിന മത്സരത്തിനിറങ്ങുന്നത്. ഓസ്ട്രേലിയൻ ടീം ഇതുവരെ ഇവിടെ കളിച്ച നാലു വൺഡേകളിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിന്റെ വേദി പെർത്തായിരുന്നു.