വനിതകൾക്കിന്ന് ഇംഗ്ളീഷ് പരീക്ഷ

Sunday 19 October 2025 12:42 AM IST

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെ നേരിടുന്നു

3 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും

ഇൻഡോർ : വനിതാലോകകപ്പിൽ സെമിഫൈനൽ സാദ്ധ്യതകൾ നിലനിറുത്താൻ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യം. കരുത്തരായ ഇംഗ്ളണ്ടാണ് ഇൻഡോറിൽ ഇന്ത്യയുടെ ഇന്നത്തെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചെങ്കിലും കഴിഞ്ഞരണ്ട് മത്സരങ്ങളിൽ തോൽക്കേണ്ടിവന്നത് ഹർമൻപ്രീത് കൗറിനേയും കൂട്ടരേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. നാലുമത്സരങ്ങളിൽ നിന്ന് നാലുപോയിന്റുമായി നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യൻ വനിതകൾ. നാലുകളികളിൽ നിന്ന്ഏഴുപോയിന്റുമായി ഇംഗ്ളണ്ട് മൂന്നാമതുണ്ട്.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 88 റൺസിന് കീഴടക്കി. എന്നാൽ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ചേസ് ചെയ്ത് മൂന്നുവിക്കറ്റിന് കീഴടക്കിയത് തിരിച്ചടിയായി. പിന്നാലെ നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയോടും മൂന്ന് വിക്കറ്റിന് തോൽക്കേണ്ടിവന്നു. ഇന്നത്തെ മത്സരം കൂടാതെ ന്യൂസിലാൻഡ്, ബംഗ്ളാദേശ് എന്നിവരുമായാണ് ഇന്ത്യയ്ക്ക് പ്രാഥമിക റൗണ്ടിൽ കളിയുള്ളത്. പ്രാഥമിക റൗണ്ട് പോയിന്റ് പട്ടികയിൽ ആദ്യ നാലുസ്ഥാനക്കാർക്കാണ് സെമിയിലേക്ക് പ്രവേശനം.

ഒരുകളിയും ഇതുവരെ തോൽക്കാത്തവരാണ് ഇംഗ്ളീഷ് വനിതകൾ. ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ്,ശ്രീലങ്ക എന്നിവർക്ക് എതിരെ ജയിച്ചപ്പോൾ പാകിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. മികച്ച ആൾറൗണ്ടറായ നാറ്റ് ഷീവർ ബ്രണ്ടാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. അമി ജോൺസ്, ടാമി ബ്യൂമോണ്ട്സ്,ഹീതർനൈറ്റ്, സോഫിയ ഡക്ളീ, സോഫീ എക്ളിസ്റ്റൺ തുടങ്ങിയ മികച്ച താരങ്ങൾ ഇംഗ്ളീഷ് ടീമിലുണ്ട്.

ക്യാപ്ടൻ ഹർമൻപ്രീതിന്റേയും വൈസ് ക്യാപ്ടൻ സ്മൃതി മാന്ഥനയുടേയും പരിചയസമ്പത്താണ് ഇന്ത്യയുടെ പ്രചോദനഘടകം. ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗസ്, ക്രാന്തി ഗൗഡ്,റിച്ച ഘോഷ്,പ്രതിക റാവൽ, സ്നേഹ് റാണ,ദീപ്തി ശർമ്മ തുടങ്ങിയ താരങ്ങളും മികവ് കാട്ടിയാലേ ഇന്ത്യയ്ക്ക് 'ഇംഗ്ളീഷ് പരീക്ഷ" പാസാകാനാകൂ.