ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ സങ്കടമകറ്റി ജന്മനക്ഷത്രവനം
കൊല്ലം: ജീവിതത്തിലെ ദുരിതങ്ങളും സങ്കടങ്ങളും അകറ്റുന്ന പ്രകൃതി പുണ്യമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലെ ജന്മനക്ഷത്രവനം. വാസ്തുദോഷം, വിവാഹതടസം, സന്താനമില്ലായ്മ തുടങ്ങിയ ജീവിത ദുഃഖങ്ങളിൽ നിന്ന് മോചനത്തിനായി ആയിരങ്ങളാണ് ജന്മനക്ഷത്ര വനത്തിലെത്തി ജന്മനക്ഷത്ര പൂജ ചെയ്യുന്നത്.
ക്ഷേത്രത്തിലെ പടിഞ്ഞാറേ ആൽത്തറയ്ക്ക് വടക്ക് ഒണ്ടിക്കാവിനോട് ചേർന്നാണ് അശ്വതി മുതൽ രേവതി വരെയുള്ള 27 ജന്മനക്ഷത്രങ്ങളുടെയും മരങ്ങളെയും പരിപാലിക്കുന്ന നക്ഷത്ര വനം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ അവരവരുടെ ജന്മനക്ഷത്ര മരച്ചുവട്ടിലിരുന്ന് ധ്യാനിക്കുന്നതും ഇവിടെ സ്ഥാപിച്ചിട്ടുള്ള പൈപ്പിൽ നിന്ന് വെള്ളം ശേഖരിച്ച് മരം നനയ്ക്കുന്നതുമാണ് നക്ഷത്രവനത്തിലെ ആരാധനാരീതി.
2014ൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയായിരുന്ന വി.സദാശിവിന്റെ നേതൃത്വത്തിലാണ് പ്രകൃതി ആരാധനയ്ക്ക് പരിഗണനയുള്ള ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് നക്ഷത്രവനം ഒരുക്കിയത്. വന്നി, തേമ്പാവ്, കരിമരം തുടങ്ങിയ അപുർവവൃക്ഷങ്ങൾ സംസ്ഥാന വനം വകുപ്പിന്റെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ഇവിടെ കൊണ്ടുവന്ന് പരിപാലിച്ച് വളർത്തിയത്.
ജന്മനക്ഷത്രങ്ങൾക്ക് നക്ഷത്രമരം
ഭാരതീയ പൗരാണിക ശാസ്ത്രം അനുസരിച്ച് 27 ജന്മനക്ഷത്രങ്ങളാണുള്ളത്. ഇതനുസരിച്ച് കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, കരിങ്ങാലി, കരിമരം, മുള, അരയാൽ, നാകം, പേരാൽ, ചമത, ഇത്തി, അമ്പഴം, കൂവളം, നീർമരുത്, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈൻ, വഞ്ചിമരം, പ്ലാവ്, എരിക്ക്, വന്നി, കടമ്പ്, തേമ്പാവ്, കരിമ്പന, ഇലിപ്പ എന്നിവയാണ് നക്ഷത്ര വനത്തിലെ സംരക്ഷിത വൃക്ഷങ്ങൾ. കാർഷിക മേഖലയായ ഓണാട്ടുകരയിലെ ക്ഷേത്ര വിശ്വാസികളുടെ മനസിനെ പ്രകൃതിയുമായി കൂട്ടിയിണക്കുന്ന വി.സദാശിവന്റെ നക്ഷത്രവനം വർഷങ്ങളായി ഭക്തരുടെ ജീവിതങ്ങളിൽ പുണ്യം നിറയ്ക്കുകയാണ്.