തിരു.ദേവസ്വം ബോർഡിൽ സിസ്റ്റം പൂർണ പരാജയം: ഹൈക്കോടതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച സിസ്റ്റം പൂർണ പരാജയമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ദേവസ്വം ബോർഡ് ഫണ്ടിൽ പൊരുത്തക്കേടുകൾ വ്യാപകമാണ്. പുരാതന മാന്വലിനെ ആധാരമാക്കിയാണ് പല കാര്യങ്ങളും ചെയ്യുന്നത്. അതിനാൽ ഫണ്ട് വിനിയോഗത്തിൽ സുതാര്യതയുണ്ടാകുന്നില്ല. കൃത്യമായ പരിശോധനകളും നടക്കുന്നില്ല.
കാലഹരണപ്പെട്ട ലഡ്ജറുകളും കടലാസ് വൗച്ചറുകളും മറ്റുമാണ് ആധാരമാക്കുന്നത്. ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യാൻ ഇത് മറയാക്കുകയാണ്. സമയബന്ധിതമായി ഓഡിറ്റ് നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിരീക്ഷിച്ചു.
ദേവസ്വം ബോർഡ് പൊതുവിശ്വാസം വീണ്ടെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ട്സ് വിഭാഗത്തിന്റെ ഡിജിറ്റലൈസേഷനാണ് പരിഹാരമെന്ന് കോടതി വിലയിരുത്തി.സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഡയറക്ടർ 30ന് കോടതിയിൽ ഹാജരായി ഡിജിറ്റലൈസേഷനുള്ള കർമ്മപദ്ധതി നിർദ്ദേശിക്കുകയും സോഫ്റ്റ്‌വെയറുകളടക്കം ശുപാർശ ചെയ്യുകയും വേണം.
പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞതിനെതിരെ ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മിഷണർ പദ്മനാഭനുണ്ണി സമർപ്പിച്ച പരാതിയിൽ ദേവസ്വം ഓംബുഡ്സ് മാൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വൗച്ചറുകൾ കാണാതായതിന്റെ പേരിൽ 21.03 ലക്ഷം രൂപയുടെ ഓഡിറ്റ് ഒബ്ജക്ഷൻ വന്നതാണ് പെൻഷൻ തടയാൻ കാരണം. 15.89 ലക്ഷത്തിന്റെ വൗച്ചറുകൾ പിന്നീട് കണ്ടെത്തിയെങ്കിലും 7 ലക്ഷത്തിലധികം രൂപയുടെ വൗച്ചറുകൾ ബാക്കിനിൽക്കുകയാണ്. അതിനാൽ പരാതിക്കാരനിൽ നിന്ന് ഈ തുകയുടെ ബോണ്ട് വാങ്ങിയ ശേഷം പെൻഷൻ അനുവദിക്കാമെന്നാണ് ഓംബുഡ്സമാൻ ശുപാർശ ചെയ്തത്.
ഉദാഹരണങ്ങൾ
കോടതി നിരത്തി
1. നിലയ്ക്കലിൽ ബോർഡ് നടത്തുന്ന പെട്രോൾ പമ്പിന്റെ കളക്ഷനിൽ 40 ലക്ഷത്തിന്റെ കുറവ്. സാക്ഷ്യപ്പെടുത്താത്ത ക്യാഷ് ബുക്കും കാണാതായ റെക്കാഡുകളും കാരണം പരിശോധന വഴിമുട്ടി.
2. അമ്പലങ്ങൾ, സ്കൂളുകൾ, ഓഫീസുകൾ തുടങ്ങി ബോർഡിന്റെ 150 സ്ഥാപനങ്ങളുടെ 2014-15 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ദശാബ്ദം പിന്നിട്ടിട്ടും അപൂർണം.
പരിഹാരം ഓൺലൈൻ
പണമിടപാട്
കേന്ദ്രീകൃത ധനകാര്യ മാനേജ്മെന്റ് സംവിധാനം സജ്ജമാക്കണമെന്ന് കോടതി നിർദേശിച്ചു. പണമിടപാട് ഓൺലൈനാക്കണം. ഓഡിറ്റർക്കും സൂപ്പർവൈസർക്കും ഇത് പ്രാപ്യമാക്കണം. വാർഷിക ഓഡിറ്റിംഗ് ഉറപ്പാക്കണം.