വിഴിഞ്ഞത്ത് ബങ്കറിംങ് ; കപ്പലുകൾക്ക് 'വയർ നിറച്ച്' യാത്ര ചെയ്യാം

Sunday 19 October 2025 2:34 AM IST

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന കപ്പലുകൾക്ക് 'വയറ് നിറയ്ക്കാൻ അന്നം'റെഡി.കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചു. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ എം.ടി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എം. എസ്.സി.അക്കിറ്റെറ്റ എന്ന കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ചത്. ഇതോടെ വിഴിഞ്ഞത്തിനു സമീപത്തെ കപ്പൽ ചാലിലൂടെ പോകുന്ന കപ്പലുകൾക്ക് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാം.

മുംബയിലും കൊച്ചിയിലും നിന്ന് ഇന്ധനം എത്തിച്ചാകും കപ്പലുകളിൽ നിറയ്ക്കുന്നത്. വിഴിഞ്ഞത്തേക്ക് ചരക്ക് നീക്കം ചെയ്യാത്ത കപ്പലുകൾക്കും ഇന്ധനം ലഭിക്കും. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ വിഴിഞ്ഞത്തു നിന്നും മറ്റ് കപ്പൽ മുഖാന്തരം ഇന്ധനം നിറയ്ക്കാൻ സാധിക്കും. ബങ്കറിംഗിനു വേണ്ടി രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞത്ത് ഓയിൽ ഫാമും ലിക്വിഡ് ജെട്ടിയും നിർമ്മിക്കും.ഓയിൽ ഫാം വരുന്നതോടെ പൈപ്പ് മുഖാന്തരം ഇന്ധനം ലിക്വിഡ് ജെട്ടിയിൽ എത്തിച്ച് കപ്പലുകളിൽ നിറയ്ക്കാൻ കഴിയും. ബെർത്ത് ബങ്കറിംഗും നടക്കും. ബങ്കറിംങ് ആരംഭിക്കുന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇന്ധനകൈമാറ്റം നടക്കും ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനം വർദ്ധിക്കും. ഇന്ധനവില കൂടാതെ ടാക്സ് ഇനത്തിലും വരുമാന നേട്ടമുണ്ടാകും. അദാനി തുറമുഖ കമ്പനിക്ക് സർവീസ് ചാർജ് മാത്രമേ ലഭ്യമാകുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.

അടുത്ത ഘട്ടം

അടുത്തയാഴ്ച

ദീപാവലി കഴിഞ്ഞാലുടൻ രണ്ടാംഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കും. രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം അടുത്തമാസം 5ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് വിവരം. ഉദ്ഘാടനത്തിന് മുൻപ് പുലിമുട്ടിലേക്കുള്ള കല്ലിടൽ ആരംഭിച്ചു. നിർമ്മാണ സാമഗ്രികളും എത്തിച്ചുതുടങ്ങി.

'ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് ഹബായി വളരുന്ന വിഴിഞ്ഞം ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും വൈകാതെ മാറും.'

-മന്ത്രി വി.എൻ. വാസവൻ