ഗൂഢാലോചന വെളിപ്പെടുത്തി പോറ്റി: സ്വർണക്കൊള്ളയിൽ വൻസ്രാവുകൾ

Sunday 19 October 2025 2:34 AM IST

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ ദേവസ്വം ഉന്നതർ അന്യസംസ്ഥാനങ്ങളിലെ തട്ടിപ്പുകാരുമായി നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ചിനോട് ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. തട്ടിപ്പുസംഘത്തിലും ഗൂഢാലോചനയിലും ഉൾപ്പെട്ട പതിനഞ്ചോളം പേരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബംഗളുരുവിലും ഹൈദരാബാദിലും ചെന്നൈയിലും സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചനയും ആസൂത്രണവും നടന്നു. അവിടെ നിന്ന് തട്ടിപ്പുകാർ നൽകിയ നിർദ്ദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. കൂടുതൽ സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നു. ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

ശ്രീകോവിലിന്റെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും പോറ്റിയുടെ അറസ്റ്റ് ഉടനുണ്ടാവും. ചെമ്പാണെന്ന് വ്യാജരേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും.

ദ്വാരപാലകശിൽപ്പത്തിലെയും ശ്രീകോവിൽ കട്ടിളയിലെയും പാളികളിൽ നിന്ന് ഉരുക്കിയെടുത്ത സ്വർണത്തിന്റെ

പങ്ക് തനിക്ക് ലഭിച്ചിട്ടില്ലെന്നും അന്യസംസ്ഥാന തട്ടിപ്പുകാർ കൊണ്ടുപോയെന്നുമുള്ള മൊഴി പോറ്റി ആവർത്തിക്കുന്നുണ്ടെങ്കിലും ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നില്ല. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് അരകിലോയോളം സ്വർണംകൊണ്ടുപോയ കൽപ്പേഷ്, സ്പോൺസറായ നാഗേഷ്, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാലേ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കൂ. കേസ് ദുർബലമാകാതിരിക്കാൻ

സ്വർണം കണ്ടെടുക്കേണ്ടതും അനിവാര്യമാണ്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തെ വസതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുന്നു. മൊബൈൽ, ലാപ്ടോപ്പ്, വീട്ടിലുണ്ടായിരുന്ന രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. രേഖകൾ നശിപ്പിച്ചെന്ന സംശയത്താൽ കരിയിലകൾ കത്തിച്ച സ്ഥലങ്ങളും പരിശോധിച്ചു. വീട്ടിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ രേഖകൾ കിട്ടുമോയെന്നും തിരയുന്നു. സ്വർണംവേർതിരിച്ച സ്മാർട്ട്ക്രിയേഷൻസ് സി.ഇ.ഒയെ പോറ്റിക്കൊപ്പമിരുത്തി ചോദ്യംചെയ്യാനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്.

കൽപ്പേഷിന് എല്ലാം അറിയാം

തട്ടിപ്പിന്റെ മുഖ്യആസൂത്രകൻ കൽപ്പേഷെന്നാണ് പോറ്റിയുടെ മൊഴി. സ്വർണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കൈപ്പറ്റിയത് കൽപ്പേഷാണ്. സ്വർണപ്പാളികൾ ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിലും കൽപ്പേഷിന് പങ്കുണ്ട്. സ്പോൺസർ എന്ന നിലയിലായിരുന്നു ഇത്. വേർതിരിച്ച സ്വർണം വീതംവച്ചതും കൽപ്പേഷാണ്. പോറ്റിയുടെ കൂട്ടാളികളായ കൽപ്പേഷും നാഗേഷും മറ്റാരെയെങ്കിലും രക്ഷിക്കാനാണോ ശ്രമിക്കുന്നതെന്നും സംശയമുണ്ട്.

തിരക്കഥ ബംഗളുരുവിൽ

സ്വർണക്കൊള്ളയുടെ തിരക്കഥയുണ്ടാക്കിയത് ബംഗളുരുവിലാണെന്നാണ് പോറ്റി വെളിപ്പെടുത്തൽ. ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു.

സ്വർണപ്പാളി ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതും പാളികൾ തിരിച്ചെത്തിച്ചപ്പോൾ തൂക്കം നോക്കാതിരുന്നതുമെല്ലാം ഈ തിരക്കഥയുടെ ഭാഗമാണ്.

ഒന്നരകിലോ സ്വർണം പൊതിഞ്ഞ പാളികൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതും തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരം

2019ൽപുതുതായി സ്ഥാപിച്ച പാളികളിൽ കേടുപറ്റിയെന്ന് വരുത്തിതീർത്ത് 2024ൽ ഇളക്കിയെടുത്ത് കൊണ്ടുപോവാൻ ശ്രമിച്ചതും സ്വർണക്കൊള്ള ലക്ഷ്യമിട്ട്.