യു.ഡി.എഫ് വന്നാൽ ശബരിമല ഭക്തർക്കെതിരായ കേസ് പിൻവലിക്കും
പന്തളം: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നാമജപ സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ കേസുകൾ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് വിശ്വാസ സംരക്ഷണ യാത്രകൾക്ക് സമാപനം കുറിച്ച് പന്തളത്ത് നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ് സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിൽ സംശയംവേണ്ട. അയ്യപ്പസന്നിധിയിൽ നിന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരിച്ചെത്തിക്കും വരെ യു.ഡി.എഫ് പോരാട്ടം തുടരും. അയ്യപ്പന്റെ സ്വർണം അപഹരിച്ചത് ആരാണെന്ന് പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അറിയാം. ഏതു കോടീശ്വരന്റെ കൈയിലാണ് സ്വർണം ഉള്ളതെന്ന് കടകംപള്ളി പറയണം.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, ജെബി മേത്തർ, ഫ്രാൻസിസ് ജോർജ്, അറിവഴകൻ, എ.ഷംസുദീൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, പി.ജെ. ജോസഫ്, പന്തളം സുധാകരൻ, വി.എസ്. ശിവകുമാർ, എം.എം. ഹസൻ, അനുപ് ജേക്കബ്, ഷിബു ബേബിജോൺ, സതീഷ് കൊച്ചുപറമ്പിൽ, സി.പി. ജോൺ, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പഴകുളം മധു, അജയ് തറയിൽ, ജോസഫ് എം.പുതുശേരി, എൻ ഷൈലജ്, പി. മോഹൻ രാജ്, അബിൻ വർക്കി എന്നിവർ പ്രസംഗിച്ചു.
മുരളീധരൻ വൈകി എത്തി
വടക്കൻ മേഖല ജാഥാ ക്യാപ്ടൻ കെ.മുരളീധരൻ പരിപാടിക്ക് വൈകിയാണ് എത്തിയത്. ഗുരുവായൂരിലായിരുന്നു. കെ.പി.സി.സി ഭാരവാഹി പട്ടികയുടെ പേരിൽ ഇടഞ്ഞു നിന്ന മുരളീധരൻ പരിപാടിക്ക് എത്തില്ലെന്ന് ഇന്നലെ അഭ്യൂഹം പടർന്നിരുന്നു. കോൺഗ്രസ് നേതാക്കൾ അനുനയ ചർച്ചകൾ നടത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി 9.45ന് മുരളീധരൻ സമ്മേളന വേദിയിൽ എത്തി.