മൊസാംബിക്ക് ബോട്ട് അപകടം: കാണാതായവരിൽ രണ്ട് മലയാളികളും
മൊസാംബിക്ക് ; ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായവരിൽ രണ്ട് മലയാളികളും. പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷ് (22), കൊല്ലം ചവറ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ (35, പപ്പു) എന്നിവരെയാണ് കാണാതായത്. സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയിൽ വീട്ടിൽ രാധാകൃഷ്ണപ്പിള്ള- ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ്. മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അപകടസ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയാണ് തെരച്ചിലിന് തടസമെന്ന് കപ്പൽ അധികൃതരിൽ നിന്നും എംബസിയിൽ നിന്നും വിവരം ലഭിച്ചതായി തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് കുമാർ പറഞ്ഞു. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. മക്കൾ: അതിഥി (5), അനശ്വര (9).
സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ ഇന്ദ്രജിത്തിനായുള്ള തെരച്ചിൽ തുടരുന്നു. കപ്പലിൽ ജോലിക്കായി ബോട്ടിൽ പോകും വഴി 16 ന് പുലർച്ചെ 3.30നായിരുന്നു അപകടം. 21 ജീവനക്കാരിൽ 15 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച മുങ്ങിയ ബോട്ട് ഇന്നലെ ആഴക്കടലിൽ കണ്ടെത്തിയതായി സൂചനയുണ്ട്. കാലാവസ്ഥ പ്രതികൂലമായതും തെരച്ചിലിന് ചെറിയ ബോട്ട് ഉപയോഗിച്ചതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഇന്ന് വലിയ ബോട്ട് ഉപയോഗിക്കുമെന്ന് നാട്ടിലുള്ള ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു. എടയ്‌ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഈ മാസം 14 നാണ് നാട്ടിൽ നിന്ന് പോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ്. ഇളയ സഹോദരൻ അഭിജിത് കമ്പനിയുടെ ഖത്തർ ബ്രാഞ്ചിൽ ചേരാനിരിക്കുകയാണ് .