ഇന്ത്യക്ക് മോശം തുടക്കം, പൂജ്യത്തിന് പുറത്തായി കൊഹ്‌ലി, തിളങ്ങാനാകാതെ രോഹിത് ശർമയും മടങ്ങി
പെർത്ത്: ഓസ്‌ട്രേലിയക്കെതിരെ പെർത്തിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും പെട്ടെന്ന് പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി. മാസങ്ങൾക്ക് ശേഷം ഇന്ത്യക്കായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇരുവരും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്ടൻ ശുഭ്മാൻ ഗിൽ 18 പന്തിൽ 10 റൺസെടുത്തും പുറത്തായി. മഴ മൂലം കളി നിർത്തുമ്പോൾ 12 ഓവറിൽ 37/3 എന്ന നിലയിൽ പതറുകയാണ് ഇന്ത്യ.
അക്സർ പട്ടേലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്. ഓസീസ് പേസർ ജോഷ് ഹേസൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് എട്ട് റൺസ് മാത്രമെടുത്ത് രോഹിത് ശർമ മടങ്ങിയത്. എട്ട് പന്ത് നേരിട്ട വിരാട് കൊഹ്‌ലിക്ക് ഒരു റൺസ് പോലും എടുക്കാനാകാതെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് പുറത്തായത്. ടോസ് നേടിയ ഓസിസ് ക്യാപ്ടൻ മിച്ചൽ മാർഷ് ഫീൽഡിംഗ് തെരെഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
മൂന്ന് ഓൾറൗണ്ടർമാരും മൂന്ന് പേസർമാരെയുമാണ് പ്ലെയിംഗ് ഇലവനിൽ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്.നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരാണ് ഓൾ റൗണ്ടർമാർ. മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഹർഷീദ് റാണ എന്നിവരാണ് പേസർമാരായി ടീമിൽ ഇടം നേടിയിരിക്കുന്നത്.