അനുനയനീക്കങ്ങൾ നടത്തിയിട്ടും വഴങ്ങിയില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ നിന്ന് ഒഴിഞ്ഞുമാറി ജി സുധാകരൻ

Sunday 19 October 2025 10:10 AM IST

ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. സിപിഎം പേരിനുമാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്നാണ് സുചന.

വിവാദങ്ങൾക്കിടെ സുധാകരനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. വർഷങ്ങൾക്കുശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക കർഷക തൊഴിലാളിയുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സുധാകരൻ അറിയിച്ചിരുന്നത്.