മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക്, ഷർട്ടറുകൾ വീണ്ടും ഉയർത്തും
കുമളി: രാത്രി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്‌നാട് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്.
ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടിവരുമെന്നാണ് തമിഴ്‌നാട് വാട്ടർ അതോറിറ്റി അറിയിച്ചത്. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങി.
ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്ന് കുമളി മത്തൻകട ഭാഗത്ത് റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുനയിൽ പറപ്പള്ളിൽ വീട്ടിൽ പി എം തോമസ് (തങ്കച്ചൻ -66) ആണ് മരിച്ചത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ റോഡിൽ മണ്ണും കല്ലും കിടക്കുന്നത് കാണാതെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. മൂന്നാർ - കുമളി റോഡിൽ പുറ്റടിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. കൂട്ടാർ, നെടുങ്കണ്ടം, തൂവ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.