74കാരന്റെ ജീവിതസഖിയാകാൻ 24കാരിക്ക് കൊടുത്തത് ഒന്നരക്കോടി, ചടങ്ങിനെത്തിയവർക്കും പണം; ഒടുവിൽ സംഭവിച്ചത്

Sunday 19 October 2025 11:02 AM IST

ജക്കാർത്ത: 74കാരന് വധുവായെത്തിയ 24കാരിക്ക് സമ്മാനമായി നൽകിയത് മൂന്ന് ബില്യൺ ഇന്തോനേഷ്യൻ പണം (1.5 കോടി രൂപ). ഇന്തോനേഷ്യയിൽ നടന്ന സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫി കമ്പനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദമ്പതികൾക്കെതിരെ ഫോട്ടോഗ്രാഫി കമ്പനി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

നവദമ്പതികൾ ഫോട്ടോഗ്രാഫർക്ക് പ്രതിഫലം നൽകിയില്ലെന്നും വിവാഹത്തിനുശേഷം കടന്നു കളഞ്ഞെന്നുമാണ് ആരോപണം. ഇതിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം. സൗത്ത് ചൈന മോർണിംഗ് പോസ്​റ്റിൽ പുറത്തുവന്ന വിവരമനുസരിച്ച്, ഒക്ടോബർ ഒന്നിന് കിഴക്കൻ ജാവ പ്രവിശ്യയിലെ പാസി​റ്റൻ റീജൻസിയിലായിരുന്നു ആഡംബര വിവാഹം. യുവതിയെ വിവാഹം കഴിക്കാനായി വരൻ ആദ്യം ഒരു ബില്യൺ ഇന്തോനേഷ്യൻ പണം നൽകിയെന്നായിരുന്നു വിവരം. എന്നാൽ പുറത്തുവന്ന ചിത്രത്തിൽ വധു ഭീമൻ തുകയുടെ ചെക്കുമായി നിൽക്കുന്നതായിരുന്നു. വിവാഹത്തിനെത്തിയവർക്ക് 100,000 ഇന്തോനേഷ്യൻ പണം ( ഏകദേശം 500 രൂപ) ഇഷ്ടസമ്മാനമായി നൽകിയതായും റിപ്പോർട്ടുണ്ട്.

മൂന്ന് ബില്യൺ ഇന്തോനേഷ്യൻ രൂപയുടെ ചെക്കുമായി നിൽക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചു. അതേസമയം, യുവതിയുടെ ചില ബന്ധുക്കൾ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവം വിവാദമായതോടെ 74കാരൻ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വിവാഹം യഥാർത്ഥമായിരുന്നുവെന്നും വിവാഹം കഴിഞ്ഞതിനുശേഷം രക്ഷപ്പെട്ടെന്ന വാർത്തകൾ വ്യാജമാണെന്നും അയാൾ പ്രതികരിച്ചു. താൻ ഭാര്യയെ ഉപേക്ഷിച്ച് പോയിട്ടില്ലെന്നും ഞങ്ങൾ ഇപ്പോഴും ഒരുമിച്ചാണെന്നും 74കാരൻ പറഞ്ഞു. വധുവിന്റെ കുടുംബവും ഇത് അംഗീകരിച്ചിട്ടുണ്ട്. ദമ്പതികൾ ഇപ്പോൾ ഹണിമൂണിലാണെന്നും ബന്ധുക്കൾ അറിയിച്ചു. വധുവിന് ഭീമൻ തുക സമ്മാനമായി നൽകിയതിൽ ഇന്തോനേഷ്യൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.