തത്ത്വമസിയുടെ അർത്ഥം വ്യാഖ്യാനിച്ചത് തെറ്റി; പൊതുയോഗത്തിൽ ദേവസ്വം മന്ത്രിക്ക് നാക്കുപിഴ

Sunday 19 October 2025 11:05 AM IST

പത്തനംതിട്ട: പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ 'തത്ത്വമസി' എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി വി എൻ വാസവന് നാക്കുപിഴ. തത്ത്വമസിയുടെ അർത്ഥമായ 'അത് നീ ആകുന്നു' എന്നതിന് പകരം മന്ത്രി പറഞ്ഞത് 'ഞാൻ നീ ആകുന്നു' എന്നായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് എറിഞ്ഞു തകർത്തതിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമലയിൽ പോയവർക്കറിയാം അവിടെ ആദ്യം എഴുതിവച്ചിരിക്കുന്നത് 'തത്ത്വമസി' എന്നാണ്. ഞാൻ നീ ആകുന്നു എന്നാണ് അതിന്റെ അർത്ഥം. ശബരിമലയിൽ വരുന്ന ഓരോ ഭക്തനും അയ്യപ്പനാണ്. ഭക്തനും അയ്യപ്പനും തമ്മിൽ വ്യത്യാസമില്ലെന്ന സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏക തീർത്ഥാടനകേന്ദ്രം ശബരിമലയാണെന്ന് നാം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയാണ്'- എന്നായിരുന്നു മന്ത്രി പറഞ്ഞത്.

യു.ഡി.എഫ് വ‌ർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി യോഗത്തിൽ ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് നിരവധി വർഗീയ കലാപങ്ങൾ ഉണ്ടായി. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. കേരളത്തിൽ മതനിരപേക്ഷത സ്വീകരിക്കുന്ന സർക്കാരാണുള്ളത്. ആഗോള അയ്യപ്പ സംഗമം അതിന്റെ ലക്ഷ്യം കണ്ടു. പരിപാടി നടത്താതിരിക്കാൻ ചില ആളുകൾ സുപ്രീംകോടതി വരെ പോയി. എന്നാൽ കോടതി നടത്താൻ അനുമതി നൽകി. മുഖ്യമന്ത്രിയെ ക്ഷണിച്ചത് പോലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാൻ പോയി. ബോർഡ് അംഗങ്ങൾ പോയപ്പോൾ പ്രതിപക്ഷ നേതാവ് കതക് അടച്ചു കിടന്നു. ഇത്ര വില കുറഞ്ഞ രീതിയിലേക്ക് പ്രതിപക്ഷ നേതാവ് പോകണോ എന്നും മന്ത്രി ചോദിച്ചു.