കൊച്ചിയിൽ ബോംബ് ഭീഷണി, തോക്കുമായി ഒരാളെത്തി; നിരീശ്വരവാദികളുടെ സമ്മേളനം നിർത്തിവച്ചു
Sunday 19 October 2025 12:45 PM IST
കൊച്ചി: നിരീശ്വരവാദികളുടെ സമ്മേളനം "എസൻസ്" നിർത്തിവച്ചു. ബോംബ് ഭീഷണിയെത്തുടർന്നാണ് നടപടി. ഒരാൾ തോക്കുമായി അകത്തേക്ക് പ്രവേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെയാണ് പരിപാടി ആരംഭിച്ചത്.
കടവന്ത്ര സ്വദേശി അജീഷാണ് പരിപാടിയിലേക്ക് തോക്കുമായെത്തിയെന്നാണ് വിവരം. ഇയാളുടെ തോക്കിന് ലൈസൻസ് ഉണ്ട്. ഒരു കൊലക്കേസിലെ ഒന്നാം സാക്ഷിയാണ് ഇയാൾ. ജീവന് ഭീഷണിയുള്ളതിനാൽ തോക്ക് കൈയിൽ കരുതിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
പരിപാടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിൻ വൈകിട്ട് ഇവിടേക്ക് എത്താനിരുന്നതാണ്. ബോംബ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.