'ലൈംഗികമായി ഉപദ്രവിച്ചു, വൃത്തികെട്ട് എനിക്ക് ജീവിക്കണ്ട'; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരായ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജോസ് ഫ്രാങ്ക്ളിൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വീട്ടമ്മ മകന് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ജോസ് ഫ്രാങ്ക്ളിന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി കഴിഞ്ഞദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ പ്രതിപക്ഷ നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ ജോസ് ഫ്രാങ്ക്‌ളിൻ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സംരക്ഷിക്കുന്ന നാർഡ് എന്ന സംഘടനയുടെ ചെയർമാനുമാണ്.
കടബാദ്ധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും പറഞ്ഞാണ് വീട്ടമ്മയുടെ കത്ത്. ഇതിലാണ് ലൈംഗികമായി നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വീട്ടമ്മ വെളിപ്പെടുത്തിയത്. ജീവനൊടുക്കുന്നതിന് മുൻപ് മകനും മകൾക്കും പ്രത്യേകം കത്തെഴുതിയിരുന്നു.
'കടബാദ്ധ്യത തീർക്കാൻ വായ്‌പയ്ക്കുവേണ്ടി സഹായിക്കണം എന്നാവശ്യപ്പെട്ട് ജോസ് ഫ്രാങ്ക്‌ളിനെ സമീപിച്ചപ്പോൾ അയാൾ എന്നോട് ലൈംഗികാവശ്യം ഉന്നയിച്ചു. ലോൺ തരാമെന്നുപറഞ്ഞ് ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു. അതിനുശേഷം നിരന്തരം കടയിൽ വരികയും ലൈംഗികാവശ്യം ഉന്നയിച്ച് ശല്യം ചെയ്യുകയും ചെയ്തു. ഒരു തരത്തിലും അയാൾ പറയുന്നതനുസരിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന ഘട്ടമെത്തിയപ്പോഴാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്.
ബില്ലുകൾ നൽകാൻ ഓഫീസിൽ ചെന്നപ്പോൾ എന്റെ കയ്യിൽ പിടിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ കൂടെ നിൽക്കണമെന്നും വിളിക്കുമ്പോൾ വരണമെന്നും ആഴ്‌ചയിൽ ഒരിക്കൽ എവിടെയെങ്കിലും വച്ച് കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. അവന്റെ സ്വകാര്യഭാഗത്ത് എന്റെ കൈ പിടിച്ചുവച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ? അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. വൃത്തികെട്ട് എനിക്ക് ജീവിക്കണ്ട. ലോണിന്റെ കാര്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ കാണും, ഇറങ്ങിവാ എന്നൊക്കെ പറയും. എനിക്കിനി ജീവിക്കണ്ട, ഞാൻ പോകുന്നു'-എന്നാണ് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.