പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ; ചികിത്സയിലിരിക്കെ 22കാരി മരിച്ചു
ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. ഈ മാസം 14നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയത്ത് പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്റിലേറ്റിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായിയെന്നാണ് മരിച്ച യുവതിയുടെ ബന്ധുക്കളുടെ ആരോപണം. അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിനായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. നിലവിൽ വണ്ടാനത്തെ മോർച്ചറിക്ക് മുൻപിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്.
എന്നാൽ സംഭവത്തിൽ ചികിത്സാപിഴവുണ്ടായിട്ടില്ല എന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് ആശുപത്രിയിൽ ഉള്ളത്. ഈ ഡോക്ടറുടെ അഭാവത്തിലാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ കൊടുക്കാൻ ഡോക്ടറെ എത്തിച്ചത്. പ്രസവശേഷം തിയേറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിന് ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണനിലയിലേക്ക് എത്തിയില്ല. തുടർന്നാണ് വണ്ടാനത്തേക്ക് റഫർ ചെയ്തത്. കാർഡിയോ മയോപ്പതിയാകാം മരണകാരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്നും ആശുപത്രി അധികൃതർ പറയുന്നു.