''മഹാഭാരത പരമ്പരയിൽ മാത്രമല്ല, ഞങ്ങൾ ജീവിതത്തിലും കർണ്ണനും ദുര്യോധനനുമായിരുന്നു'' പങ്കജ് ധീറിനെ ഓർത്തെടുത്ത് പുനീത് ഇസാർ
പുനീത് ഇസാറിനെ ഓർമ്മയില്ലേ? മഹാഭാരത എന്ന ക്ളാസിക് ഹിന്ദി സീരിയലിലെ ദുര്യോദനനായാണ് പലരും താരത്തെ ഓർക്കുന്നത്. മോഹൻലാൽ നായകനായ പിൻഗാമി എന്ന ചിത്രത്തിലെ പൂച്ചക്കണ്ണൻ വില്ലനായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. യോദ്ധ സിനിമയിൽ റിംബോച്ചെയെ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയായും അദ്ദേഹം വേഷമിട്ടിരുന്നു. ഇപ്പോഴിതാ മഹാഭാരത പരമ്പരയിൽ കർണ്ണനായി വേഷമിട്ട പങ്കജ് ധീറിനെ ഓർത്തെടുക്കുകയാണ് പുനീത് നിസാർ. ഒക്ടോബർ 15 ന് ക്യാൻസർ രോഗത്തെ തുടർന്ന് പങ്കജ് ധീർ മരണപ്പെട്ടിരുന്നു.
മഹാഭാരതത്തിലെ ഏറ്റവും വലിയ സൗഹൃദത്തിന് ഉദാഹരണമാണ് കർണ്ണനും ദുര്യോധനനും. പുനീത് ഇസാറും പങ്കജ് ധീറും സ്ക്രീനിൽ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമല്ല, ജീവിതത്തിൽ അവരുടെ സൗഹൃദം അതിനെക്കാൾ ശക്തിയോടെ തുടരുകയും ചെയ്തു. പങ്കജ് ധീറിന്റെ മരണശേഷം പുനീത് ഇസാർ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച അതിവൈകാരികമായ പോസ്‌റ്റ് അവരുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നു. നാലു പതിറ്റാണ്ടിലേറെയായി ശക്തമായി തുടർന്ന സൗഹൃദമായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. മഹാഭാരതത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഇരുവരും ചേർന്ന് എടുത്ത നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവർ പങ്കുവച്ച പരസ്‌പര പിന്തുണയെക്കുറിച്ച് അദ്ദേഹം എഴുതി.
''ഒടുവിൽ അവൻ മടങ്ങി. എന്റെ ഉറ്റ സുഹൃത്ത്,എന്റെ സഹോദരൻ ഇനിയില്ല. എല്ലാവർക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും... സിനിമാ സാഹോദര്യത്തിനും...അദ്ദേഹത്തിന്റെ ആരാധകർക്കും...വ്യക്തിപരമായി എനിക്കും വലിയ ഒരു നഷ്ടമാണിത്. ഞങ്ങൾ പങ്കിട്ട ബന്ധം പ്രത്യേകതയുള്ളതായിരുന്നു. ചെയ്യുന്ന പ്രൊജക്‌ടുകൾക്കുള്ളിൽ മാത്രം സൗഹൃദം സൂക്ഷിക്കുന്ന ഒരു മേഖലയിലാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഞങ്ങൾക്ക് ഒരുപാട് സ്ഥിര ശത്രുക്കളുണ്ട്, താൽക്കാലിക സുഹൃത്തുക്കളുമുണ്ട്. പക്ഷേ, ഞങ്ങൾ 40 വർഷത്തോളം വേർപിരിക്കാനാകാത്ത വിധം സൗഹൃദം പങ്കിട്ടു. കുടുംബ ബന്ധം , തൊഴിലിലെ ധാർമ്മികത, ജീവിതത്തോടുള്ള മനോഭാവം എന്നിവയിലെല്ലാം നിങ്ങളെപ്പോലെ ചുരുക്കം ചിലരെയുള്ളൂ. നിങ്ങൾക്ക് ലൊക്കേഷനുകൾക്കപ്പുറം ഇടപെഴുകാൻ കഴിയുമായിരുന്നു. ഞങ്ങൾക്ക് ഇരുവർക്കും ഇടയിൽ ആ അടുപ്പം ഉണ്ടായിരുന്നു. എന്റെയും പങ്കജിന്റെയും കാര്യത്തിൽ, ഞങ്ങൾ അവതരിപ്പിച്ച വേഷങ്ങൾ തന്നെ ജീവിതത്തിലും സ്വീകരിച്ചു. കർണ്ണൻ -ദുര്യോധനൻ എന്നിവരെപ്പോലെ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. സഹോദരങ്ങളെക്കാൾ ശക്തമായിരുന്നു ഞങ്ങളുടെ ബന്ധം.ഞങ്ങൾ പരസ്‌രം പിന്തുണച്ചു. ഞങ്ങൾ പങ്കിട്ട യാത്ര യഥാർത്ഥ പുരുഷന്മാരുടേതായിരുന്നു. അദ്ദേഹം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. മഹാഭാരതത്തിൽ കർണ്ണനെ ദഹിപ്പിക്കുമ്പോൾ ദുര്യോധനൻ പറഞ്ഞ വാക്കുകളും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പങ്കജ് ധീറിന്റെ മരണം 68-ാം വയസിലായിരുന്നു.