ജഡ്ജിയില്ലാതൊരു വിജിലൻസ് കോടതി
മൂവാറ്റുപുഴ: ജഡ്ജി നിയമനം വൈകുന്നതിനാൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പ്രവർത്തനം നിശ്ചലാവസ്ഥയിലേക്ക്. എറണാകുളം, ഇടുക്കി ജില്ലകളിലെ 220 കേസുകളാണ് കോടതിയിലുള്ളത്.
മുൻ ജഡ്ജി എൻ.വി. രാജു ആറുമാസം മുമ്പ് സ്ഥലം മാറി പോയതിനു ശേഷം ആ സ്ഥാനത്തേയ്ക്ക് വേറെ ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. ഹൈക്കോടതിയാണ് നിയമനം നടത്തേണ്ടത്. നിലവിൽ കോട്ടയം വിജിലൻസ് കോടതി ജഡ്ജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമാണ് കോട്ടയത്ത് പരിഗണിക്കുന്നത്. ബാക്കി കേസുകളുടെ തുടർ നടപടികൾ ഏതാണ്ട് പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ഏറെ വിവാദം സൃഷ്ടിച്ച ഒട്ടനവധി കേസുകൾ കൈകാര്യം ചെയ്ത കോടതിയാണ് മൂവാറ്റുപുഴയിലേത്.
കായൽ കൈയേറ്റം, ഇടുക്കി ജില്ലകളിലെ ഭൂമി കൈയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇവിടെയുണ്ട്.
പുതിയ ജഡ്ജി എത്താൻ ഇനിയും രണ്ട് മാസത്തിലേറെ എടുക്കും എന്നാണ് വിവരം.
മുതിർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നല്കി മൂവാറ്റുപുഴയിൽ തന്നെ സിറ്റിംഗ് നടത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജഡ്ജിയുടെ അസാന്നിദ്ധ്യം ബാധിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഒട്ടനവധി കേസുകൾ കെട്ടിക്കിടക്കുന്നു. വിധി കാത്തു നില്കുന്നവരും നിരവധി ആണ്. ജഡ്ജി നിയമനം വൈകുന്നത് ശരിയല്ല. സമയബന്ധിതമായി തീരുമാനം വേണം. ജോസഫ് വാഴക്കൻ,
മുൻ എം.എൽ.എ
ഹൈക്കോടതിയുമായി ബന്ധപ്പെട്ടിരുന്നു. കാലതാമസം വരുത്താതെ ജഡ്ജിയെ നിയമിക്കുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ വലിയ പ്രതിസന്ധിയാകും. അഡ്വ. ജോസ് വർഗീസ്
പ്രസിഡന്റ്
ബാർ അസോസിയേഷൻ
മൂവാറ്റുപുഴ