കൊച്ചിയുടെ സ്വപ്നം നാളെ പൂവണിയും,​ 20 വർഷത്തെ കാത്തിരിപ്പിന് വിരാമം

Monday 20 October 2025 1:52 AM IST
നി‌ർമ്മാണം പൂർത്തിയായ കൊച്ചി നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മേയർ അഡ്വ. എം. അനിൽകുമാർ

കൊച്ചി: 20 വർഷത്തെ കാത്തിരിപ്പിന് വിരാമം. കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം നാളെ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, വ്യവസായ മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ സന്നിഹിതരാകും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. ഗോശ്രീ പാലത്തിനടുത്ത് അബ്ദുൽ കലാം മാർഗിനോടു ചേർന്നുള്ള ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം. സംസ്ഥാനത്തെ ഏറ്റവും ആധുനി​കവും വലുതുമായ തദ്ദേശസ്ഥാപന ആസ്ഥാനമന്ദി​രമാണി​ത്.

ആറ് നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിട്ടുള്ളത്. ഭിന്നശേഷി, പൊതുജന സൗഹൃദമാണ് മന്ദിരം. ഒന്നാം നിലയിലാണ് കൗൺസിൽ ഹാൾ. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അദ്ധ്യക്ഷരുടെ മുറികളും ഇവിടെത്തന്നെ. തുടർന്നുള്ള നിലകളിൽ വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസുകൾ. മിനികോൺഫറൻസ് ഹാൾ, മുലയൂട്ടൽ മുറി, പൊതുജന സേവന കേന്ദ്രം ഉൾപ്പെടെയുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങുന്നത് 2005ൽ

സി.എം. ദനേശ് മണി മേയറായിരിക്കെ മറൈൻഡ്രൈവിൽ ഓഫീസിന് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാരിൽ നിന്ന് പണം കൊടുത്ത് വാങ്ങി.

രൂപകല്പന നടത്തിയത് മറൈൻഡ്രൈവ് പദ്ധതി വിഭാവനം ചെയ്ത ആർക്കിടെക്ട് കുൽദീപ് സിംഗ്

എന്നാൽ 20 വർഷമായി നിയമക്കുരുക്കും സാങ്കേതിക പ്രശ്‌നങ്ങളും നിർമ്മാണത്തിന് തിരിച്ചടിയായി.

അഡ്വ. എം. അനിൽകുമാർ മേയറായതിന് ശേഷം നിർമ്മാണം വേഗത്തിലായി.

അടുത്തമാസം പകുതിയോടെ ഓഫീസുകളുടെ മാറ്റം പൂർത്തിയാകും.

 ചങ്ങമ്പുഴ മുതൽ എം.കെ. സാനുവരെ

ഗ്രൗണ്ട് ഫ്‌ളോറിൽ കൊച്ചിയുടെ പൈതൃകം അടയാളപ്പെടുത്തുന്ന കലാസൃഷ്ടി ശ്രദ്ധേയമാണ്. ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി, ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കറുപ്പൻ, ദാക്ഷായണി വേലായുധൻ, റോബർട്ട് ബ്രിസ്‌റ്റോ, ലോർഡ് വെല്ലിംഗ്ടൺ, പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവരുടെ അർദ്ധകായ പ്രതിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിന്റെ റാണി ശില്പവും കാഴ്ചയ്ക്ക് മിഴിവേകുന്നു. കൊച്ചി കപ്പൽശാല, വാട്ടർമെട്രോ, ബോൾഗാട്ടി പാലസ്, ഹൈക്കോടതി, മംഗളവനം എന്നിവയുടെ മാതൃകകളും ഇടംപിടിച്ചിട്ടുണ്ട്.

ആഗ്രഹിച്ച സമയത്ത് പൂർത്തീകരണം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ കൗൺസിൽ കാലത്ത് നിർമ്മാണം പൂർണമാക്കി ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷം അഡ്വ. എം. അനിൽകുമാർ കൊച്ചി മേയർ