ഓസീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിൽ ഏഴ് വിക്കറ്റിന് തോൽവി

Sunday 19 October 2025 5:52 PM IST

പെർത്ത്: മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യയെ വീഴ്‌ത്തി ഓസ്ട്രേലിയ. ഇന്ത്യ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം നാല് ഓവറും അഞ്ച് പന്തും ബാക്കിനിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നത്. ക്യാപ്‌ടൻ മിച്ചൽ മാർഷ് 52 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നാണ് ഓസ്‌ട്രേലിയയെ വിജയത്തിലേയ്ക്ക് നയിച്ചത്.

മഴ മൂലം മത്സരം 26 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 136 റൺസ് എടുത്തത്. മഴനിയമപ്രകാരം ഓസീസിന്റെ വിജയലക്ഷ്യം 131 ആക്കിയിരുന്നു. ആദ്യ ഏകദിനത്തിലെ ജയത്തോടെ പരമ്പരയിൽ 1–0ന് ഓസ്‌ട്രേലിയ മുന്നിലെത്തിയിരിക്കുകയാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ പ്രകടനത്തിന് മുന്നിൽ ഇന്ത്യൻ ബോളർമാർ മുട്ടുകുത്തിയ കാഴ്‌ചയാണ് പെർത്തിലെ ഓപ്‌റ്റസ് സ്റ്റേഡിയത്തിൽ കണ്ടത്. മൂന്ന് സിക്‌സും രണ്ട് ഫോറുകളുമായി മിച്ചൽ ഓസീസിനെ വിജയപാതയിൽ എത്തിക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പ് (29 പന്തിൽ 37 റൺസ്), അരങ്ങേറ്റക്കാരനായി ഇറങ്ങിയ മാറ്റ് റെൻഷോ (24 പന്തിൽ 21 റൺസ്) എന്നിവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഓസീസ് ബോളിംഗിന് മുന്നിൽ ഇന്ത്യ തകർന്നടിയുന്ന കാഴ്‌ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. മഴ മൂലം മത്സരം 26 ഓവറായി ചുരുക്കിയിട്ടും അത്രപോലും പിടിച്ചുനിൽക്കാൻ ഇന്ത്യക്കായില്ല. ഒടുവിൽ 26 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസിന് ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.