വനിതാ ലോകകപ്പ്: നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം

Sunday 19 October 2025 6:57 PM IST

ഇന്‍ഡോര്‍: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. സെഞ്ച്വറി നേടിയ സീനിയര്‍ താരം ഹീഥര്‍ നൈറ്റ് 109(91) ആണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് 56(68) അര്‍ദ്ധ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്.

ഒന്നാം വിക്കറ്റില്‍ ആമി ജോണ്‍സ് - ടാമി ബ്യൂമോണ്ട് 22(43) സഖ്യം 73 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. മൂന്നാമതെത്തിയ നൈറ്റ് 15 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സെഞ്ച്വറി നേടിയത്. ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 38(49), സോഫിയ ഡങ്ക്‌ലെ 15(21), എമ്മ ലാംബ് 11(10), അലീസ് ക്യാപ്‌സെ 2(3), ഷാര്‍ലറ്റ് ഡീന്‍ 19*(13), സോഫി എക്കിള്‍സ്റ്റണ്‍ 3(3), ലിന്‍സെ സ്മിത്ത് 0*(0) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

അതേസമയം, മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മ്മയാണ് ബൗളിംഗില്‍ തിളങ്ങിയത്. മറ്റൊരു സ്പിന്നര്‍ ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ ബൗളിംഗിലെ പോരായ്മ തോല്‍വിയിലേക്ക് നയിച്ച പശ്ചാത്തലത്തില്‍ ബാറ്റര്‍ ജമീമ റോഡ്രിഗ്‌സിന് പകരം പേസര്‍ രേണുക സിംഗ് ഠാക്കൂറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.