നിസാന്റെ പുതുപുത്തൻ സി.എസ്.യു.വി 'നിസാൻ ടെക്ടോൺ'
കൊച്ചി: നിസാൻ ടെക്ടോൺ, തങ്ങളുടെ പുതിയ സി.എസ്.യു.വിയുടെ പേരും ഡിസൈൻ പ്രിവ്യൂവും പുറത്തിറക്കി നിസാൻ മോട്ടോർ ഇന്ത്യ. ഏറെ ആരാധകരുള്ള നിസാൻ എസ്.യു.വി പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഏറ്റവും പുതിയ എസ്.യു.വിയായ നിസാൻ ടെക്ടോൺ രൂപകല്പന ചെയ്തിരിക്കുന്നത്. 'ശില്പി' അല്ലെങ്കിൽ 'വാസ്തുശില്പി' എന്ന അർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ടെക്ടോൺ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. എൻജിനീയറിംഗ് മികവ്, പ്രകടനം, ഡിസൈൻ ഐഡന്റിറ്റി എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ, പ്രീമിയം സി.എസ്.യു.വിയെ ഈ പേര് സൂചിപ്പിക്കുന്നു.
മുൻവശത്ത്, പട്രോളിനെ അനുസ്മരിപ്പിക്കുന്ന ശക്തമായ ബോണറ്റും സി ആകൃതിയിലുള്ള ഹെഡ് ലാമ്പ് സിഗ്‌നേച്ചറും കമാൻഡിംഗും ഗംഭീരവുമായ കരുത്തുറ്റ ലോവർ ബമ്പറുമാണുള്ളത്. ഗംഭീരവും മസ്‌കുലർ ലുക്കും നൽകുന്ന സൈഡ് പ്രൊഫൈൽ, ഹിമാലയത്തിൽ നിന്ന് പ്രചോദനമെടുത്ത പർവതനിരകളുടെ രൂപരേഖ ഉൾക്കൊള്ളുന്ന ഡോറുകൾ, 'സിആകൃതിയിലുള്ള' ഡൈനാമിക് ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന വീതിയിൽ വ്യാപിച്ചുകിടക്കുന്ന പുറകിലെ ലൈറ്റ്ബാർ, അതിനു താഴെയായി ടെക്ടോൺ നെയിംപ്ലേറ്റ് എന്നിവയെല്ലാം ഡിസൈൻ പ്രത്യേകതകളാണ്.
ചെന്നൈയിൽ നിർമാണം
2026ൽ വില്പന ആരംഭിക്കും. നിസാന്റെ 'വൺ കാർ, വൺ വേൾഡ്'ൽ വരുന്ന രണ്ടാമത്തെ മോഡലായ ടെക്ടോൺ, ചെന്നൈയിലെ പ്ലാന്റിൽ ആയിരിക്കും നിർമാണം. ഭാവിയിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിലേക്ക് കയറ്റുമതിയും ഉണ്ടാകും. രാജ്യത്ത് തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനുമുള്ള നിസാൻ മോട്ടോർ ഇന്ത്യയുടെ പദ്ധതികളിൽ നിർണായക ചുവടുവെയ്പാണ് ടെക്ടോൺ. ഇതിന്റെ ഭാഗമായി, നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ ഡീലർഷിപ്പ് ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്.