നൂതന ബസ് ഷാസിയുമായി ടാറ്റ മോട്ടോഴ്‌സ്

Monday 20 October 2025 12:46 AM IST

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ഇന്റർസിറ്റി സർവീസുകൾക്കായി എൽ.പി.ഒ 1822 ബസ് ചേസിസ് പുറത്തിറക്കി. ദീർഘദൂര യാത്രകൾക്കക്ക് രൂപകല്പന ചെയ്തതാണ് ചേസിസ്. ഫുൾഎയർ സസ്‌പെൻഷൻ, കുറഞ്ഞ ശബ്ദം തുടങ്ങിയവയിലൂടെ അസാധാരണമായ യാത്രാനുഭവം നൽകും. യാത്രക്കാർക്കും ഡ്രൈവർക്കും ക്ഷീണമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. 36 മുതൽ 50 സീറ്റുകൾ വരെയുള്ള കോൺഫിഗറേഷനുകളും സ്ലീപ്പർ ലേഔട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 5.6 ലിറ്റർ കമ്മിൻസ് ഡീസൽ എൻജിൻ 220 എച്ച്.പി കരുത്തും 925 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. പ്രീമിയം ഇന്റർസിറ്റി ബസായ ടാറ്റ മാഗ്‌ന കോച്ചിന്റെ അടിസ്ഥാനമായും ചേസിസ് പ്രവർത്തിക്കുന്നു. ഡീസൽ, സി.എൻ.ജി., എൽ.എൻ.ജി., ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുൾപ്പെടെ 9 മുതൽ 55 സീറ്റുകൾ വിപുലമായ മോഡലുകൾ ടാറ്റ മോട്ടോഴ്‌സിനുണ്ട്. രാജ്യവ്യാപകമായി 4,500ലധികം വില്പന, സേവന ടച്ച്‌ പോയിന്റുകളുടെ പിന്തുണയും ടാറ്റ മോട്ടോഴ്‌സ് നൽകുന്നുണ്ട്.

മികച്ച യാത്രാസൗകര്യം, കരുത്തുറ്റ എൻജിനീയറിംഗ് തുടങ്ങിയ സവിശേഷതകൾ സുരക്ഷ വർദ്ധിപ്പിക്കുകയും ലാഭക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും

ആനന്ദ് എസ്

കൊമേഴ്‌സ്യൽ വെഹിക്കിൾസ്

വൈസ് പ്രസിഡന്റ്

ടാറ്റ മോട്ടോഴ്‌സ്