പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

Sunday 19 October 2025 8:25 PM IST

തിരുവനന്തപുരം: പറന്നു പൊങ്ങിയ വിമാനത്തിനുള്ളിലെ യാത്രക്കാരന്‍ ബോധരഹിതനായി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്കുള്ള വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 29കാരനായ യുവാവ് വിമാനത്തിനുള്ളില്‍ കുഴഞ്ഞ് വീഴുകയും ചെയ്തു.

തുടര്‍ന്ന്, മദീനയിലേക്ക് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യുവാവിന് അടിയന്തരമായി ചികിത്‌ലസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതെന്നാണ് വിവരം.

ബോധരഹിതനായ യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. യാത്രക്കാരനെക്കുറിച്ചോ ഇയാളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.