ചടയമംഗലം കടയ്ക്കലിൽ 800 പേർ സി.പി.ഐ വി​ട്ടു

Monday 20 October 2025 12:00 AM IST

കൊല്ലം: ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രവും മന്ത്രി ജെ. ചിഞ്ചുറാണിയുടെ മണ്ഡലവുമായ ചടയമംഗലത്തെ കടയ്ക്കലിൽ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് സി​.പി​.ഐയി​ൽ നി​ന്ന് 800പേർ രാജിവച്ചു. സി.പി.ഐ കടയ്ക്കൽ മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന ജെ.സി. അനിൽ, മണ്ഡലം അസി. സെക്രട്ടറിയായിരുന്ന പി. പ്രതാപൻ, 10 മണ്ഡലം കമ്മിറ്റിയംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റിയംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ 11പേർ എന്നിവരടക്കമാണ് രാജിവച്ചത്.

ഇതിനു പുറമേ 200ലധികം അനുഭാവികൾ പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതായും രാജിവച്ച നേതാക്കൾ അവകാശപ്പെട്ടു. ഇതോടെ കടയ്ക്കലിൽ സി.പി.ഐയുടെ 40 ബ്രാഞ്ചുകൾ ഇല്ലാതായെന്നും പറഞ്ഞു. ചടയമംഗലം നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് ജില്ലാ നേതൃത്വത്തിലെ ഒരാൾ നടത്തുന്ന നീക്കങ്ങളാണ് കടയ്ക്കലിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണമെന്നും രാജിവച്ചവർ അരോപിച്ചു.

പരാതിപ്പെട്ടിട്ടും

പരിഹാരമില്ല

മണ്ഡലം സെക്രട്ടറിയായിരുന്ന ജെ.സി. അനിലിനെതിരെ വ്യാജ സാമ്പത്തിക ക്രമക്കേട് ഉയർത്തി സംഘടനാ നടപടി സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നീട് ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കി. അദ്ദേഹം പ്രസിഡന്റായ തുടയന്നൂർ സഹകരണ ബാങ്കിൽ ആറ് കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നത് വ്യാജ ആരോപണം ആയി​രുന്നുവെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിൽ സംസ്ഥാന, ജില്ലാ സെക്രട്ടറിമാർക്ക് പരാതി നൽകിയെങ്കിലും പരിഹരിക്കാൻ തയ്യാറായില്ലെന്ന് ജെ.സി. അനിൽ അടക്കം രാജിവച്ച നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.