മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ പുലിയെ കിണറിൽ നിന്നും പുറത്തെത്തിച്ചു
കോഴിക്കോട്/കൂടരഞ്ഞി: മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. കോഴിക്കോട് കൂടരഞ്ഞി പെരുമ്പുള കുര്യന്റെ കൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റിയ പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉൾക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും.
പുലിയെ പിടിക്കാനായി വെള്ളിയാഴ്ചയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളിൽ ഇറക്കാവുന്ന തരത്തിലുള്ള ചെറിയ കൂട്ടിൽ കോഴിയെ വച്ചാണ് പുലിയെ കുടുക്കിയത്. പുറത്തെത്തിക്കുന്നതിനിടെ പുലിയുടെ പല്ലിന് പരിക്കേറ്റതായി വിവരമുണ്ട്. കോഴിക്കോട് നിന്നും വെറ്ററിനറി ഡോക്ടർമാരുടെ സംഘമെത്തി പരിശോധിച്ച ശേഷം മാത്രമേ കാട്ടിലേക്ക് തുറന്നുവിടുന്നത് പരിഗണിക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകീട്ട് പുലിയുടേതെന്നു കരുതുന്ന ശബ്ദം കേട്ട അയൽവാസികൾ വെളിച്ചം ഇല്ലാത്തതു കൊണ്ട് പരിശോധന നടത്തിയില്ല. ബുധനാഴ്ച രാവിലെ അയൽവാസികൾ ശബ്ദം കേട്ട കിണറ്റിൽ വന്നു നോക്കിയപ്പോൾ പുലിയെന്നോ കടുവയെന്നോ സംശയിക്കാവുന്ന ജീവിയെ കണ്ടു. ആളുകൾ ശബ്ദം വച്ചതോടെ ജീവി കിണറ്റിനുള്ളിലെ ഗുഹയിലേക്കു പോവുകയായിരുന്നു. കിണറിന്റെ വശത്ത് പുലിയുടേതെന്നു കരുതുന്ന നഖത്തിന്റെ പാടും കിണറ്റിലേക്ക് ജീവി വീണതിന്റെ അടയാളവും കാണാനുണ്ടായിരുന്നു. കിണറിലേക്കു പടക്കം പൊട്ടിച്ചിട്ടു ഗുഹയിൽ നിന്ന് ജീവിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് ക്യാമറ കിണറ്റിൽ ഇറക്കി പരിശോധിച്ചെങ്കിലും കിണറിനുള്ളിലെ ഗർത്തത്തിൽ ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ പുലിയുടേതെന്നു കരുതുന്ന ശബ്ദം ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കിണറിലേക്ക് കൂടെത്തിച്ചത്.