ഒരുങ്ങാം മുഹൂർത്ത വ്യാപാരത്തിനായി
കൊച്ചി: ദീപാവലിയായി. ഓഹരിവിപണിക്ക് മുഹൂർത്തവ്യാപാരത്തിന്റെ നല്ല സമയവും. നിക്ഷേപകരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് മുഹൂർത്തവ്യാപാരം. ശുഭാപ്തിവിശ്വാസത്തിന്റെ, പുതിയ തുടക്കത്തിന്റെ, വരും സാമ്പത്തികവർഷം സമൃദ്ധി കൊണ്ടുവരുമെന്ന പ്രതീക്ഷയുടെ സുവർണസമയമാണ് നിക്ഷേപകർക്ക് പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന മുഹൂർത്തം. അതുകൊണ്ടുതന്നെ വളരെ ചെറുതെങ്കിലും ഒരു നിക്ഷേപം ഓഹരിവിപണിയിൽ ഈ സമയത്ത് നടത്താൻ നിക്ഷേപകർ ശ്രമിക്കാറുണ്ട്. നാളെയാണ് ഈ വർഷത്തെ മുഹൂർത്ത വ്യാപാരം. പതിവിന് വിപരീതമായി ഉച്ചയ്ക്ക് 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരത്തിന്റെ ശുഭമുഹൂർത്തം. ഓഹരിവിപണിയിലെ വ്യാപാരികളും വൻകിട നിക്ഷേപകരെയും മുഹൂർത്ത വ്യാപാരത്തിന് മുമ്പായി ലക്ഷ്മിപൂജ നടത്താറുണ്ട്. എന്നാൽ, പാരമ്പര്യത്തിന്റെ ഭാഗമായി മാത്രമല്ല, ബഹുഭൂരിപക്ഷം നിക്ഷേപകരും മുഹൂർത്തവ്യാപാരത്തെ കാണുന്നത്. മറിച്ച് നല്ലൊരു അവസരമായാണ്. അതുകൊണ്ട് ആ ദിവസത്തെ വ്യാപാരം മുൻകൂട്ടി പ്ളാൻ ചെയ്യുന്നതാണ് നല്ലത്.
1. സമയം മറക്കരുത്: മുഹൂർത്ത വ്യാപാരത്തിന്റെ സമയം മറക്കാതിരിക്കുക എന്നതാണ് പ്രഥമകാര്യം. സെൻസെക്സും നിഫ്ടിയും വ്യാപാരത്തിന്റെ ദിവസങ്ങൾക്ക് മുമ്പ് തന്നെ സമയം നിക്ഷേപകരെ അറിയിക്കും. ചൊവ്വാഴ്ച പ്രീ ഓപ്പൺ ഷെഡ്യൂൾ ഉച്ചയ്ക്ക് 1.30 മുതൽ 1.45വരെയാണ്. വ്യാപാര സമയം 1.45 മുതൽ 2.45 വരെയും. ബ്ലോക്ക് ഡീൽ വിൻഡോ 1.15 മുതൽ 1.30 വരെയും തുടർന്ന് ഒ.പി.ഒകൾക്ക് വേണ്ടി 2.15 വരെയും തുറന്നിരിക്കും.
2. പ്രശ്നങ്ങൾ പരിഹരിക്കുക: നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടുകൾക്ക് പ്രശ്നമൊന്നുമില്ലെന്നും അക്കൗണ്ടിൽ ആവശ്യത്തിന് തുക ഉണ്ടെന്നും ഉറപ്പുവരുത്തുക. ട്രേഡിംഗ് സമയത്ത് ഒരു പ്രശ്നം പരിഹരിക്കാനായി സമയം പാഴാക്കരുത്.
3. മുൻകൂട്ടി നിശ്ചയിക്കുക: വ്യാപാരത്തിന് വളരെ കുറച്ച് സമയമേ ഉള്ളൂ എന്നതിനാൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിക്കുന്ന സ്റ്റോക്കുകളേതെന്ന് മുൻകൂട്ടി നിശ്ചയിക്കുക. ബ്ലൂ ചിപ്പ്, മിഡ് ക്യാപ്പ്, മ്യൂച്വൽ ഫണ്ട് എന്നിങ്ങനെ ഏത് വിഭാഗത്തിൽ വേണമെന്നതും നേരത്തെ ആസൂത്രണം ചെയ്യാം.
4. യാഥാർത്ഥ്യബോധം കൈവെടിയരുത്: മുഹൂർത്ത വ്യാപാരം അവസരമാണ്. ഒറ്റ വ്യാപാരം കൊണ്ട് വലിയ ലാഭം കൊയ്യാനാകും എന്ന് കരുതരുത്. ദീർഘകാലത്തേക്കുള്ള നിക്ഷേപമാണെന്ന് മനസ്സിൽ കുറിച്ച് വയ്ക്കുക.
5. വിപണിയെ അറിഞ്ഞിരിക്കുക: മുഹൂർത്ത വ്യാപാരസമയത്ത് ഓഹരിവിപണി പൊതുവെ പോസറ്റീവ് ആയിരിക്കുമെങ്കിലും ആഗോള, ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും അവ വിപണിയെ എങ്ങനെ ബാധിക്കാമെന്നും മനസ്സിലാക്കിയിരിക്കുക.
6. സ്വയം തീരുമാനമെടുക്കുക: മറ്റുള്ളവർ പറയുന്നത് കേട്ട് ചെയ്യുന്നതിന് പകരം നിങ്ങൾക്ക് യോജിക്കുന്ന നിക്ഷേപം ഏതാണോ അത് തിരഞ്ഞെടുക്കുക.