മലബാർ ഗ്രൂപ്പിന്റെ 'ഗ്രാന്റ്മാ ഹോം' പ്രവർത്തനം തുടങ്ങി
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉൾപ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി നെടുമ്പാശേരിയിൽ 'ഗ്രാന്റ്മാ ഹോം' പ്രവർത്തനം തുടങ്ങി. പ്രായമായ സ്ത്രീകളെ പാർപ്പിച്ച് അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി പരിചരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഗ്രാന്റ്മാ ഹോം. മലബാർ ഗ്രൂപ്പിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗ്രാന്റ്മാ ഹോമുകൾ സ്ഥാപിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള 'തണൽ' സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പാശ്ശേരിയിലെ ശ്രീമൂലനഗരത്തിലാണ് ഗ്രാന്റ്മാ ഹോം ആരംഭിച്ചിട്ടുള്ളത്. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഗ്രാന്റ്മാ ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ബീരാൻ എം.പി, പി.വി ശ്രീനിജൻ എം എൽ എ, ശ്രീമൂല നഗരം പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം, 'തണൽ' ചെയർമാൻ ഡോ.വി, ഇദ്‌രീസ്, അബ്ദൂൾ കരീം, ടി എം സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 21,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രാന്റ്മാ ഹോമിൽ 125 സ്ത്രീകളെ പാർപ്പിച്ച് ആരോഗ്യ സംരക്ഷണം ഉൾപ്പെടെ സമഗ്ര പരിചരണം നൽകുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ ബംഗളുരുവിലും ഹൈദരാബാദിലും ഗ്രാന്റ്മാ ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. തൃശൂരിലെ വരന്തരപ്പിള്ളിയിലും ഗ്രാന്റ്മാ ഹോം പ്രവർത്തനം തുടങ്ങി. വയനാട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലും ഫറോക്കിലും ഗ്രാന്റ്മാ ഹോമുകളുടെ നിർമ്മാണം നടന്നുവരികയാണ്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഗ്രാന്റ്മാ ഹോം പദ്ധതി നടപ്പാക്കും.