റേഡിയേഷൻ തെറാപ്പി സംവിധാനത്തിനായി ഐ.സി.ഐ.സി.ഐ ബാങ്ക് 625 കോടി രൂപ നൽകും

Monday 20 October 2025 2:40 AM IST

കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്ക് ടാറ്റാ മെമ്മോറിയൽ സെന്ററുമായി ചേർന്ന് നവി മുംബൈയിൽ പുതിയ കാൻസർ സെന്റർ സ്ഥാപിക്കും. ടാറ്റാ മെമ്മോറിയൽ സെന്ററിന്റെ അഡ്വാൻസ്ഡ് സെന്ററിലാവും ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 625 കോടി രൂപയുടെ സി.എസ്.ആർ സംഭാവനയുടെ പിന്തുണയോടെ ഇത് നിർമിക്കുക. രാജ്യത്തെ ഏറ്റവും വലിയ റേഡിയേഷൻ തെറാപ്പി കേന്ദ്രം, ഏറ്റവും പുതിയ കാൻസർ ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെയുണ്ടാകും. ടാറ്റാ മെമ്മോറിയൽ സെന്ററിനായി 1800 കോടി രൂപയുടെ പദ്ധതികൾ ലഭ്യമാക്കുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയും. നവി മുംബൈയ്ക്ക് പുറമെ ന്യൂ ചണ്ഡിഗഡിലെ മുല്ലൻപർ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റുള്ളവ. ആരോഗ്യ സേവനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ജീവിതവൃത്തി, സാമൂഹ്യ വികസന പദ്ധതികൾ എന്നീ നാലു മേഖലകളിലായാവും ഐ.സി.ഐ.സി.ഐ ബാങ്ക് തങ്ങളുടെ സി.എസ്.ആർ വിഭാഗമായ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ വഴി എല്ലാവരിലേക്കും വികസനം എത്തിക്കാനുള്ള നീക്കങ്ങൾ തുടരുകയെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ചെയർമാൻ പ്രദീപ് കുമാർ സിൻഹ പറഞ്ഞു.