വന്യമൃഗ ശല്യം നേരിടാൻ കൃഷിവകുപ്പും

Monday 20 October 2025 12:48 AM IST

ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിക്കും

തിരുവനന്തപുരം:കൃഷിക്ക് ഭീഷണിയായി മാറിയ വന്യമൃഗ ശല്യം നേരിടാൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കൃഷിവകുപ്പ്.വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്പെടാതെ വന്നതോടെയാണ് കൃഷിവകുപ്പും രംഗത്തിറങ്ങുന്നത്.കാടില്ലാത്ത ആലപ്പുഴയിൽ വരെ കാട്ടുപന്നിയും കുരങ്ങുകളും കൃഷിനാശമുണ്ടാക്കുന്നത് പതിവാകുകയും കാർഷിക മേഖലയ്‌ക്ക്‌ നഷ്ടം തുടർച്ചയാകുകയും ചെയ്തതോടെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി ആലോചന തുടങ്ങിയത്.

നാഷണൽ അക്കാദമി ഓഫ് അഗ്രികൾചറൽ റിസർച്ച് മാനേജ്മെന്റുമായി സഹകരിച്ച് ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാക്കി വന്യമൃഗങ്ങളെ തടയുന്ന സാങ്കേതികവിദ്യയാകും നടപ്പാക്കുക.കൃഷിയും കൃഷിരീതികളും സ്മാർട്ടാക്കാനായി വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യത ഉപയോഗിച്ച് തയ്യാറാക്കിയ കതിർ ആപ്പുമായി ബന്ധിപ്പിച്ച് മൊബൈൽ ഫോണിലൂടെ കർഷകർക്ക് വിവരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം.കഴിഞ്ഞ ദിവസം മന്ത്രി പി.പ്രസാദ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

നിലവിൽ കതിർ ആപ്പിൽ കർഷകർക്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്.കാലാവസ്ഥാവിവരങ്ങൾ,മണ്ണ് പരിശോധന,പ്ലാന്റ് ഡോക്ടർ എന്നിവയ്‌ക്ക് പുറമെ സർക്കാരിന്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം അടക്കം നൽകുന്നുണ്ട്.