വന്നേക്കും കോഴിക്കോട് ബയോളജിക്കൽ പാർക്ക്

Monday 20 October 2025 12:51 AM IST
ടൈഗർ സഫാരി പാർക്ക്

 ഡി.പി.ആർ തയ്യാറായി

പദ്ധതി രണ്ട് ഘട്ടമായി

കോഴിക്കോട്: പലവിധ തടസങ്ങളിൽ നിലച്ചുപോയ കോഴിക്കോട് ബയോളജിക്കൽ പാർക്ക് പദ്ധതിയ്ക്ക് ജീവൻ വയ്ക്കുന്നു. പെ​രു​വ​ണ്ണാ​മൂ​ഴി വ​നം റെയ്​ഞ്ചി​ലെ മു​തു​കാ​ട് ആ​രം​ഭി​ക്കു​ന്ന പാ​ർക്കിന്റെ (ടെെഗർ സഫാരി പാർക്ക്) ഡി.പി.ആർ തയ്യാറായി. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാം ആ​സ്ഥാ​ന​മാ​യു​ള​ള ജ​യ്ൻ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സ് എ​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി​യാണ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വി​ശ​ദ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സമർപ്പിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്റെ വ​ർ​ക്കിംഗ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തു​ക്കി​യ വ​ർ​ക്കിംഗ് പ്ലാ​നി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​കൾ ആരംഭിച്ചു. രണ്ട് വർഷത്തിനകം ഒന്നാം ഘട്ട പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട പ്രവൃത്തി തുടങ്ങാൻ ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​ന്റെ അ​നു​മ​തിയ്ക്കായി ന​ട​പ​ടി ആരംഭിച്ചു. പ​രി​ക്കേ​റ്റ​ ​നി​ല​യി​ലും​ ​മ​റ്റും​ ​പി​ടി​കൂ​ടു​ന്ന​ ​മൃ​ഗ​ങ്ങ​ളെ​ ​പാ​ർ​പ്പി​ക്കു​ന്ന​തി​നും​ ​ചി​കി​ത്സി​ക്കാ​നു​മാ​യി​ ​ആ​നി​മ​ൽ​ ​ഹോ​സ്‌​പൈ​സ് ​സെ​ന്റ​ർ​ ​ബ​യോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​ന് ​അ​നു​ബ​ന്ധ​മാ​യി​ ​ആ​രം​ഭി​ക്കും.​ ഇതിന് 1.68 കോ​ടി അനുവദിച്ചു. ദേശീയ വന്യജീവി ബോർഡ്, ദേശീയ കടുവ സംരക്ഷണ അതോറിറ്റി ,കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതി ലഭിക്കാനുണ്ട്.

പാർക്കിൽ ഇവയെല്ലാം

പ്രവേശന കവാടത്തിനരികെ ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ന്റ​ർ,​ ​ഇ​ന്റ​ർ​പ്ര​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ,​ ​ബ​യോ​ ​റി​സോ​ഴ്‌​സ് ​പാ​ർ​ക്ക്,​ ​ല​ഘു​ ​ഭ​ക്ഷ​ണ​ശാ​ല,​ ​ടോ​യ്‌​ല​റ്റ് ​ബ്ലോ​ക്ക്,​ ​ഓ​ഫീ​സ്,​ ​താ​മ​സ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​.ര​ണ്ടാ​മ​ത്തെ​ ​ഘ​ട്ട​ത്തി​ൽ​ ​വ​ന്യ​മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്രം,​ ​വെ​റ്റ​റി​ന​റി​ ​ആ​ശു​പ​ത്രി​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​ഇ​ന്റ​ർ​പ്ര​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടും.15.5​ ​കോ​ടി​ ​രൂ​പ​യാ​ണ് ​​ ​ചെ​ലവ്.

ടൈഗർ സഫാരി പാർക്ക് ബയോളജിക്കൽ പാർക്കായി

2023ൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ നടപ്പിലാക്കുന്നത്.

വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് നേരത്തേ ലീസിന് നൽകിയിരുന്ന സ്ഥലത്തിൽ 125 ഹെക്ടറോളം സ്ഥലം പാർക്കിനായി കണ്ടെത്തി. 2024 ൽ ടൈഗർ സഫാരി പാർക്കിനായി സ്പെഷ്യൽ ഓഫീസറെ നിയോഗിക്കുകയും കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ ഓഫീസർ തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമുഴി റിസർവോയറിലേക്കെത്താൻ ഉപയോഗിക്കുന്ന സഞ്ചാരപാതകളുണ്ട്. ഇവർക്ക് തടസം സൃഷ്ടിക്കാതെയാണ് പദ്ധതി നടപ്പിലാക്കുക.