ഇ- ബസ് :മുഖം തിരിച്ച് ഗതാഗത വകുപ്പ്
□ലാഭകരമെന്ന റിപ്പോർട്ട് പൂഴ്ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ- വാഹന നയം നടപ്പിലാക്കുമെന്ന് എൽ.ഡി.എഫ് പ്രകടന
പത്രികയിൽ പറഞ്ഞിട്ടും, ഒരൊറ്റ ഇലക്ട്രിക് ബസും ഇനി വാങ്ങില്ലെന്നുറച്ച് ഗതാഗത വകുപ്പ്. വിലക്കൂടുതലെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.ചെലവയേറിയ ഡീസൽ ബസുകളെ മാറ്റിക്കൂടേ എന്നു ചോദിച്ചാലും മറുപടിയില്ല.
തമിഴ്നാട് 1000 സി.എൻ.ജി ബസുകൾ ഉടൻ നിരത്തിലിറക്കും. കാലാവധി കഴിഞ്ഞ
-ഇ ബസുകളെ 6.5 ലക്ഷം രൂപ ചെലവിലാണ് സി.എൻ.ജിയാക്കുന്നത്. കർണാടക ഒരു മാസം മുമ്പ് വാങ്ങിയത് 148 നോൺ എ.സി ഇലക്ട്രിക് ബസുകൾ. പി.എം ഇ ഡ്രൈവ് പദ്ധതി പദ്ധതി പ്രകാരം 4,500 ബസുകൾ കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ബസിനോട് താത്പര്യം കാട്ടാതിരുന്ന തമിഴ്നാട് ജൂൺ 30ന് നിരത്തിലിറക്കിയത് 120 നോൺ എ.സി ലോ ഫ്ലാർ ബസുകൾ. 505 എണ്ണം കൂടി ഉടൻ വാങ്ങും.
എന്നാൽ, നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ, 180 ബസുകൾ കൂടി വാങ്ങാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. ടെൻഡർ നൽകിയ 143 ബസുകളിൽ 86 എണ്ണമെത്തി.. ബാക്കിയുള്ളത് ഉടനെത്തും.
കേന്ദ്ര സർക്കാർ സൗജന്യമായിട്ടാണ് ഇ ബസുകൾ നൽകുന്നതെങ്കിലും വാടക നൽകണം. അത് നഷ്ടമാണെന്നാണ് ഗതാഗത വകുപ്പിന്റെ വാദം. ഗണേശ് കുമാർ മന്ത്രിയായ ശേഷം
ഇ ബസുകളുടെ ലാഭമാണോ എന്നന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു. ലാഭമാണെന്നായിരുന്നു റിപ്പോർട്ട് പക്ഷെ, റിപ്പോർട്ട് മന്ത്രി തള്ളി.
ഹരിത നഗരവും
പാളി
നഗര ഗതാഗത്തിന് പൂർണമായും ഇ ബസുകളെ ഉൾപ്പെടുത്തി തിരുവനന്തപുരത്തെ സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കാനായിരുന്നു ആന്റണി രാജു മന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നത്. പിന്നാലെ കൊച്ചിയും, കോഴിക്കോടും ഹരിതനഗരമാക്കാനും . പക്ഷെ ഒന്നും സംഭവിച്ചില്ല. 110 ഇ -ബസുകൾ തലസ്ഥാനത്ത് ഓടുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം വാങ്ങിയതാണവ.