തീർത്ഥാടക വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

Sunday 19 October 2025 11:17 PM IST

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്ത് അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് ഓമല്ലൂരിലായിരുന്നു ആദ്യ അപകടം. കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ കാർ ഇടിച്ച് മറിയുകയായിരുന്നു. നാല് പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

മണ്ണാറക്കുളഞ്ഞി രണ്ടാം കലുങ്കിന് സമീപം വൈകിട്ട് 3.30നാണ് രണ്ടാമത്തെ അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്ത് സമീപമുള്ള കലുങ്കിന് കുറുകേ തങ്ങി നിൽക്കുകയായിരുന്നു. രണ്ടു കുട്ടികളും ഡ്രൈവറുമടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. നിരന്തരം അപകടം സംഭവിക്കുന്ന സ്ഥലം കൂടിയാണിത്. അപകടത്തിൽപ്പെട്ടവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.