അമൃത് 2.0 കുടിവെള്ള പദ്ധതി: നാലാംഘട്ടത്തിന് കരാറായി

Sunday 19 October 2025 11:19 PM IST

28.50 കോടിയുടെ പദ്ധതി

* ജില്ലാ കേന്ദ്രത്തിലെ ആദ്യത്തെ സമ്പൂർണ കുടിവെള്ള പദ്ധതി

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ ആദ്യ സമ്പൂർണ കുടിവെള്ള പദ്ധതിയായ അമൃത് 2.0 യുടെ നാലാംഘട്ടമായി ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തിക്ക് കരാറായി. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് അമൃത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നഗരസഭ ഫണ്ട് കൂടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ പരുവപ്ലാക്കൽ, പൂവമ്പാറ, വഞ്ചികപൊയ്ക എന്നീ ഉയർന്ന പ്രദേശങ്ങളിൽ ജലസംഭരണികൾ നിർമ്മിച്ച് ബൂസ്റ്റർ സംവിധാനം ഒരുക്കുന്ന 8.70 കോടി രൂപയുടെ ടെൻഡർ നടപടികൾക്ക് ഈ മാസം 15ന് കേരള വാട്ടർ അതോറിട്ടി സതേൺ മേഖല ചീഫ് എൻജിനീയർ അംഗീകാരം നൽകി. ആദ്യ രണ്ട് ഘട്ടങ്ങളിലായി ഇൻ ടേക്ക് കിണറിന്റെ നവീകരണവും കളക്ഷൻ ചേമ്പർ നിർമ്മാണവും പൂർത്തിയായി. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. ദിവസവും 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്ലാന്റിന്റെ നിർമ്മാണത്തിനും തുടക്കം കുറിച്ചു. അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശനത്തിന് ശാശ്വത പരിഹാരമാകും.

നിർമ്മാണ ഉദ്ഘാടനം 27ന്

സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കരാറെടുത്ത സ്ഥാപനവുമായി ചർച്ച നടത്തി നിർമ്മാണ ഉദ്ഘാടനം 27ന് നടത്തുമെന്ന് നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. . പ്രധാന ജലസ്രോതസായ അച്ചൻകോവിലാറ്റിൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ജല ദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.