കനാൽപ്പാലം അപകടാവസ്ഥയിൽ, ഭയന്ന് നാട്ടുകാർ
ഏഴംകുളം : കനാൽപ്പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു.
ജനകീയ പ്രതിഷേധങ്ങൾക്കൊക്കെ പുല്ല് വില കല്പിച്ചു പാലം നവീകരിക്കാനോ പുതിയ പാലം നിർമ്മിക്കാനോ താറാവാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പ്ലാന്റ്റേഷൻ മുക്ക് വാർഡിലുള്ള പ്ലാന്റ്റേഷൻ മുക്ക് പാലത്തിലാണ് ഈ ദുർഗതി. പല തവണ പേടിപ്പെടുത്തുന്ന ശബ്ദം വാഹനങ്ങൾ പോകുമ്പോൾ പാലത്തിൽ നിന്നും കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പാലത്തിന്റെ കൈവരികളാകട്ടെ ദ്രവിച്ച അവസ്ഥയിലാണ്. പാലത്തിന്റെ കോൺക്രീറ്റിന്റെ അടിവശവും തകർന്ന നിലയിലാണ്. തേപ്പുപാറ കേന്ദ്രീകരിച്ചുള്ള പാറമടകളിലേക്കും മറ്റും തിരിച്ചും ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. ടിപ്പർ ലോറികളുടെ മത്സരയോട്ടവും ഈ പാലത്തിലൂടെ നടക്കാറുണ്ട്. ഇത്രയും ഗുരുതര സാഹചര്യം ഉണ്ടായിട്ടും പൊതുപ്രവർത്തകർ ഉൾപ്പടെ കെ.ഐ.പി യ്‌ക്കു പരാതി നൽകിയിട്ടും പാലം നവീകരിക്കാൻ യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതാവായ ചാർളി ഡാനിയേൽ കെ. ഐ.പി.ക്ക് പരാതി നൽകുകയും കെ.ഐ.പി.യുടെ പരിശോധനയിൽ പാലത്തിന് ബലക്ഷയം ഉണ്ടെന്നു റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ മാസങ്ങൾക്ക് മുൻപ് ഇവിടം സന്ദർശിച്ച് നാട്ടുകാരുടെ പരാതി കേട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്ലാന്റ്റേഷൻ മുക്ക് പാലവും വികസന വിഷയമായി മുന്നോട്ട് വരുകയാണ്.