കോര്‍പ്പറേറ്റ് കമ്പനിയിലെ സ്ഥിരവരുമാനം വേണ്ടെന്നുവച്ച് യുവാവ്; പുതിയ ജോലിയില്‍ സമ്പാദിക്കുന്നത് അതിലുമേറെ

Sunday 19 October 2025 11:24 PM IST

സ്വന്തമായി ഒരു ജോലിയും സ്ഥിരമായി ലഭിക്കുന്ന വരുമാനവും ഒരു കുടുംബത്തിന് മുന്നോട്ട് പോകുന്നതിന് ഒഴിവാക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ പ്രതിമാസം ലഭിച്ചിരുന്ന അഞ്ചക്ക ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ച് സ്വന്തമായി തൊഴില്‍ ചെയ്ത് അതില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുകയാണ് ദീപേഷ് എന്ന ചെറുപ്പക്കാരന്‍. യുവ സംരംഭകനായ വരുണ്‍ അഗര്‍വാള്‍ എന്നയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.

സ്വകാര്യ കമ്പനിയില്‍ 40,000 രൂപയ്ക്ക് മുകളിലായിരുന്നു ദീപേഷിന്റെ ശമ്പളം. എന്നാല്‍ തന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇയാള്‍ ജോലി ഉപേക്ഷിച്ചത്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ക്യാബ് ഡ്രൈവറാകാന്‍ ദീപേഷ് തീരുമാനിക്കുകയായിരുന്നുവെന്നാണ് വരുണ്‍ അഗര്‍വാളിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ദീപേഷ് ഇപ്പോള്‍ ഒരു മാസം വെറും 21 ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്. 56,000 രൂപവരെയാണ് ഈ 21 ദിവസം കൊണ്ട് ഇയാള്‍ സമ്പാദിക്കുന്നത്. കൂടാതെ ഈ തൊഴില്‍ ചെയ്ത് സ്വന്തമായി കാര്‍ വാങ്ങി ഒരു ഡ്രൈവറെ നിയമിച്ച് ഒടിക്കുയാണെന്നും, സ്വന്തമായി ഒരു വാഹനവ്യൂഹം നിര്‍മിക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് ദീപേഷെന്നും കുറിപ്പില്‍ പറയുന്നു. ദീപേഷിന്റെ കാറില്‍ കയറിയതിന് ശേഷം വെറുതേ ഒരു കൗതുകത്തിന് ഈ ജോലിയിലേക്ക് എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കഥ അറിഞ്ഞതെന്നും വരുണ്‍ തന്റെ കുറിപ്പില്‍ പറയുന്നു.