നാടകം സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു: ജി.സുധാകരൻ
തൊടിയൂർ: നാടകങ്ങൾ ലോകത്താകമാനം വലിയ സാമൂഹ്യ മാറ്റത്തിന് വഴിയൊരുക്കിയ കലാസൃഷ്ടിയാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. കരുനാഗപ്പള്ളി നാടകശാലയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന ഒറ്റ നാടകം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. നാടകത്തിൽ പരമു പിള്ള ഉയർത്തിപ്പിടിച്ച ചെങ്കൊടി പിന്നീട് ഒരായിരം പരമു പിള്ളമാർ ഉയർത്തിപ്പിടിച്ചുവെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു. മനുഷ്യസമൂഹത്തിന്റെ വളർച്ചയിൽ പതിനാറ് മുതൽ 20 വരെയുള്ള നൂറ്റാണ്ടുകൾ സംഭാവന ചെയ്ത സാഹിത്യരൂപങ്ങൾ 21-ാം നൂറ്റാണ്ടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല. മാനവികതയെ ഇല്ലാതാക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോടും യോജിക്കാൻ കഴിയില്ല. സാമൂഹ്യനീതി സംരക്ഷിക്കപ്പെടണം. നവീനാശയങ്ങളെ ഭരണാധികാരികൾ എന്നും ഭയപ്പെട്ടിരുന്നു. സോക്രട്ടീസിനെ വിഷം കൊടുത്തു കൊന്നു. എന്നാൽ ഇതുകൊണ്ടൊന്നും കലയേയും സാഹിത്യത്തെയും കീഴടക്കാനായില്ല. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ടത് ബൈബിളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയെ അംഗീകരിച്ചു കൊണ്ടാകണം ഭരണാധികാരികൾ ഭരണം നടത്താനെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു. രഘുകുമാർ ചേരിയിൽ അദ്ധ്യക്ഷനായി. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. കാമറാമാൻ കെ.പി.നമ്പ്യാതിരിയും മധു ആദിനാടും ചേർന്ന് ജി. സുധാകരനെ ആദരിച്ചു. നാടകശാലാ മാഗസിന്റെ 59-ാം ലക്കം ഡോ.ഫയാസ് അമീൻ ജി.സുധാകരന് നൽകി പ്രകാശനം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണം ഷാജഹാൻ രാജധാനി ഉദ്ഘാടനം ചെയ്തു. അബ്ബാ മോഹൻ, ഡി.മുരളീധരൻ, വിജയമ്മ ലാലി, ജയചന്ദ്രൻ തൊടിയൂർ, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, പ്രൊഫ.അരുൺ കോളശ്ശേരിൽ, ലത്തീഫ് മാമൂട്, കെ.പി. ലീലാകൃഷ്ണൻ, ജിജി വിജയൻ, സിന്ധു സുരേന്ദ്രൻ, സീനാ രവി, ഡോ. സുഷമ തോപ്പിൽ എന്നിവർ സംസാരിച്ചു. രത്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദി പറഞ്ഞു.