മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒ.പി ബഹിഷ്കരണം
തിരുവനന്തപുരം: സമരത്തിലുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. അദ്ധ്യയനവും ബഹിഷ്കരിക്കും. രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) 10 ദിവസം മുമ്പേ ഒ.പി ബഹിഷ്കരണം പ്രഖ്യാപിച്ചരുന്നു. അത്യാഹിതവിഭാഗത്തിലും വാർഡുകളിലും ഡോക്ടർമാരെത്തും. ശസ്ത്രക്രിയകളും നടക്കും. ഈമാസം 28, നവംബർ 5, 13, 21, 29 തീയതികളിലും ഒ.പി ബഹിഷ്‌കരിക്കും. കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ മൂന്നുമാസമായി പലതരത്തിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.
സമരത്തോട് പ്രതികരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒ.പി ബഹിഷ്കരണത്തിലേക്ക് കടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാര ബീഗവും ജനറൽ സെക്രട്ടറി. ഡോ. സി.എസ്. അരവിന്ദും അറിയിച്ചു. ഒരാഴ്ചയായി തിയറി ക്ലാസുകൾ ബഹിഷ്കരണത്തിലാണ് ഡോക്ടർമാർ.