ശബരിമല സ്വർണക്കൊള്ള : കൽപേഷും നാഗേഷും കസ്റ്റഡിയിൽ, മുരാരി ബാബു ഉടൻ അകത്താകും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും ബംഗളൂരു സ്വദേശിയുമായ കൽപേഷിനെയും ഹൈദരാബാദിൽ സ്വർണം വേർതിരിച്ചെടുത്ത സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെയും പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. മുഖ്യആസൂത്രകൻ കൽപ്പേഷെന്നാണ് അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ഇപ്പോൾ നിരീക്ഷണത്തിലാണ്. മുരാരിയെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും.
പോറ്റിയെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തിയിരുന്നു. കുറെ രേഖകൾ വീട്ടിൽ ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എട്ടു മണിക്കൂറിലധികം പുളിമാത്തിലെ വീട്ടിൽ പരിശോധന നടത്തിയത്. നിർണായക രേഖകളുള്ള ഹാർഡ് ഡിസ്‌കും സ്വർണവും പണവും കണ്ടെത്തി. മുരാരി ബാബുവിനെതിരെയുള്ള തെളിവുകളും ലഭിച്ചു.
വീടിന്റെ വശത്തായി കടലാസുകൾ കത്തിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇത് തെളിവ് നശിപ്പിച്ചതാണെന്ന് സംശയിക്കുന്നു.
ശബരിമല സ്വർണം മറിച്ചുവിറ്റെന്നും പങ്കിട്ടെടുത്തെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി സമ്മതിച്ചതായാണ് വിവരം. പോറ്റിയുടെ സാമ്പത്തിക സ്രോതസിലെ ദുരൂഹത നീക്കുന്നതിനായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് 2019നു ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആസ്തിയിലുണ്ടായ വർദ്ധനവ്, സാമ്പത്തിക ഇടപാട് എന്നിവ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
സ്വർണപ്പാളികേസിലും കട്ടിളക്കേസിലുമായി
18 പ്രതികളുണ്ട്. ബുധനാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് കിലോ സ്വർണം പോറ്റി കൈക്കലാക്കിയെന്ന അറസ്റ്റ് റിപ്പോർട്ടാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്.
വട്ടിപ്പലിശയ്‌ക്ക് ഭൂമി കൈയ്‌ക്കലാക്കും
ശബരിമലയിലെ സ്വർണം തട്ടിയെടുത്തതിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും സ്വായത്തമാക്കിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശയ്‌ക്ക് നൽകിയതാതും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബംഗളൂരുവിലും ഭൂമി ഇടപാട് നടത്തിയെന്നാണ് സൂചന. പണം നൽകിയതിനു പകാരം ഈടായി വാങ്ങിയ ആധാരങ്ങൾ ഉൾപ്പെടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എസ്.ഐ.ടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. മൂന്നു വർഷത്തിനിടയിൽ ഏകദേശം 20 കോടിയലധികം രൂപയുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ബന്ധുക്കളുടെ പേരിലും ഭൂമി എഴുതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് വിവരം.